ബിന്ദു അമ്മിണിക്കെതിരായ ആക്രമണം; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
Sabarimala women entry
ബിന്ദു അമ്മിണിക്കെതിരായ ആക്രമണം; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2019, 7:13 pm

കൊച്ചി: ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ച ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ പ്രയോഗിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ എന്തൊക്കെ നടപടിയെടുത്തെന്ന് വിശദീകരിക്കാന്‍ ഡി.ജി.പിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം ബിന്ദു അമ്മിണിയെ അക്രമിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ ശ്രീനാഥിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
ശ്രീനാഥ് കണ്ണൂര്‍ സ്വദേശിയാണ്. സംഭവത്തിന് പിന്നാലെ ഇയാളെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ഐ.പി.സി 326 ബി വകുപ്പാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍കൂടി ഈ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ബിന്ദുവിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു ബിന്ദുവിനു നേരെ മുളക് സ്‌പ്രേ പ്രയോഗിച്ചത്. അതേസമയം, ശബരിമലയിലേക്ക് പോകാനെത്തിയെ തൃപ്തി ദേശായിയെയും സംഘത്തെയും ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ടു തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയിരുന്നു. കമ്മീഷണര്‍ ഓഫീസിനു മുമ്പിലും കര്‍മസമിതിക്കാര്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു.

നാമജപം നടത്തിയവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ ചുമത്തുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video