സിനിമകളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ കണ്ട് കയ്യടിക്കുന്ന കാലം മാറിതുടങ്ങിയെന്ന് നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത്. പണ്ടൊക്കെ അത്തരം സിനിമകള്‍ കണ്ടാല്‍ അതില്‍ അപാകതയുണ്ടെന്ന് മനസിലാകില്ലെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ലെന്നും അശ്വതി പറയുന്നു.
ദുബായ് എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഒരു ഭാഗം പങ്കുവെച്ചുകൊണ്ടായിരുന്നു അശ്വതിയുടെ പോസ്റ്റ്.
സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം നായികയെ ജീവിതത്തില്‍ തന്റെ അടുക്കളക്കാരിയും അടിച്ച് തളിക്കാരിയും ആയിരിക്കാന്‍ ക്ഷണിക്കുന്ന ഭാഗമാണ് അശ്വതി ഫേസ്ബുക്കില്‍ തന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചത്.
ഇന്നാണെങ്കില്‍ ഇത്തരമൊരു ഡയലോഗിനെ ഗ്ലോറിഫൈ ചെയ്ത് എഴുതാന്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്ററും മമ്മൂട്ടിയെ പോലൊരു നടന്‍ ഇത് പറയാനും തയ്യാറാവുമെന്ന് തോന്നുന്നില്ലെന്നും അശ്വതി പറഞ്ഞു.
‘ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേല്‍ തന്നെ ആ കാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോള്‍ ഇത് കാണുന്ന എല്ലാവര്‍ക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കില്‍ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാന്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ ഇത് പറയാന്‍ തയാറാകുമെന്നും തോന്നുന്നില്ല.
അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാന്‍ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്…നമ്മള്‍ മാറുന്നുണ്ട്. ഇനിയും മാറും,’ എന്നാണ് അശ്വതി ഫേസ്ബുക്കിലെഴുതിയത്.
അശ്വതിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
‘ഇതു കേട്ടിട്ട് തലയിലേക്ക് ചോര തിളച്ചു കയറുന്നുണ്ട്. ഇതേ ചിന്താഗതി തന്നെയാണ് ഭൂരിപക്ഷം ആണുങ്ങള്‍ക്കും. വാ തുറന്നു പറയുന്നില്ല എന്നെ ഉള്ളു. കെട്ടി വീട്ടില്‍ കൊണ്ട് പോയി കഴിഞ്ഞാല്‍ പിന്നേ എല്ലാ പെണ്ണുങ്ങളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ചുരുക്കം ചില പുരുഷന്മാര്‍ കുറച്ചു കണ്ണില്‍ചോര ഉള്ളവര്‍ ഉണ്ട്. അവരാണ് ഏക പ്രതീക്ഷ. അവരുടെ മക്കള്‍ എങ്കിലും ഈ സിനിമ ഡയലോഗ് പോലെയുള്ള ആറ്റിറ്റിയൂഡ് പഠിച്ചു വക്കില്ലല്ലോ,’ എന്നാണ് ഒരാളുടെ പ്രതികരണം.
അതേസമയം, ഇഷ്ടത്തോടെ തനി നാടന്‍ വാക്കുകള്‍ സ്‌നേഹിക്കുന്ന പെണ്ണിനോട്, സംസാരിക്കുന്നത് ,മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ താങ്കള്‍ ദയവുചെയ്ത് അഭിനയം നിര്‍ത്തണമെന്നാണ് ഒരാളിട്ട കമന്റ്. ഇതിന് അശ്വതി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.
പോസ്റ്റിനു മുകളില്‍ എഴുതിയത് വായിച്ചിട്ട് മനസ്സിലായില്ലെങ്കില്‍ താങ്കള്‍ കമന്റ് ഇടല്‍ നിര്‍ത്തണമെന്നാണ് അശ്വതിയുടെ മറുപടി.
അതേസമയം അശ്വതി അഭിനയിക്കുന്ന സീരിയലായ ചക്കപ്പഴത്തില്‍ മുഴുവന്‍ സ്ത്രീവിരുദ്ധത ആണല്ലോ എന്നാണ് ചിലരുടെ പ്രതികരണം.
കസബ, ദ കിംഗ്, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നേരത്തെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ആ ഘട്ടത്തിലാണ് ഈ പോസ്റ്റും ചര്‍ച്ചയാകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക