തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നു. പൊതുസമൂഹവും കേരളവും അറിയാന്‍ താത്പര്യമുള്ള വിഷയമാണിതെന്നും പൊതുസമൂഹത്തിന്റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി സഭയില്‍ നിലപാട് അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ ഡോളര്‍ക്കടത്ത് നടന്നെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന്, കേസന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിലുള്‍പ്പെടെ പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.
സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍വെച്ച് വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ അടിയന്തര പ്രമേയം അവതരിപ്പിച്ച് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചെന്നാരോപിച്ച് സഭയില്‍ നല്‍കിയ സ്വപ്നയുടെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കാത്തതെന്നും മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കുന്നില്ലെന്നും ഷാഫി പറഞ്ഞു. സര്‍ക്കാരിന് അസാധാരണ വെപ്രാളമാണ്. രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.