ഹിന്ദുക്കള്‍ സമാധാനപ്രിയര്‍, കലാപത്തിന്റെ ഭാഗമാകില്ല, ലവ് ജിഹാദ് എന്നത് യാഥാര്‍ത്ഥ്യം: അസം മുഖ്യമന്ത്രി
national news
ഹിന്ദുക്കള്‍ സമാധാനപ്രിയര്‍, കലാപത്തിന്റെ ഭാഗമാകില്ല, ലവ് ജിഹാദ് എന്നത് യാഥാര്‍ത്ഥ്യം: അസം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd December 2022, 8:38 am

ന്യൂദല്‍ഹി: ഹിന്ദു മതവിഭാഗത്തില്‍ പെട്ടവര്‍ സാധാരണയായി കലാപങ്ങളുണ്ടാക്കാറില്ലെന്നും സാമുദായിക സംഘര്‍ഷങ്ങളുടെ ഭാഗമാകാറില്ലെന്നുമുള്ള പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ലവ് ജിഹാദ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

”ദേശീയ തലത്തിലെ കാഴ്ചപ്പാട് വെച്ച് നോക്കുമ്പോള്‍ ലവ് ജിഹാദ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിന് തെളിവുകളുണ്ട്.

ദേശീയ വികാരത്തിലാണ് ഞാനിത് പറയുന്നത്,” ബി.ജെ.പി മുഖ്യമന്ത്രി പറഞ്ഞു. ലവ് ജിഹാദിനെതിരെ ശക്തമായ നിയമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈയിടെ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ ‘ശ്രദ്ധ കൊലപാതക കേസ്’ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം.

ഹിന്ദുക്കള്‍ പൊതുവെ സമാധാനപ്രിയരാണെന്ന തരത്തിലുള്ള പരാമര്‍ശവും ഹിമന്ത നടത്തി. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഹിന്ദുക്കള്‍ സമാധാനപ്രിയരാണ്. ഒരു സമുദായവിഭാഗമെന്ന നിലയില്‍ ഹിന്ദുക്കള്‍ ജിഹാദില്‍ വിശ്വസിക്കുന്നു പോലുമില്ല. ഹിന്ദു സമൂഹം ഒരിക്കലും കലാപത്തില്‍ ഏര്‍പ്പെടില്ല,” ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

അസമില്‍ മദ്രസകളും പള്ളികളും പൊളിച്ചുമാറ്റുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും ബി.ജെ.പി നേതാവ് മറുപടി പറയുന്നുണ്ട്. റോഡ് നിര്‍മാണം പോലുള്ള പദ്ധതികള്‍ക്കായി നിരവധി ഹിന്ദു ക്ഷേത്രങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

”ഞങ്ങള്‍ അസമിലെ മദ്രസകള്‍ ബുള്‍ഡോസ് ചെയ്തത് അവിടത്തെ നിയമമനുസരിച്ചും ആ പ്രദേശത്തെ ആളുകളുടെ സമ്മതം വാങ്ങിയതിന് ശേഷവുമാണ്,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം അവിടത്തെ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കിയെന്നും ഹിമന്ത വാദിച്ചു.

‘ഗുജറാത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് അവിടെയിപ്പോള്‍ സമാധാനം നിലനില്‍ക്കുന്നത്. 2002ന് ശേഷം സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. ഇപ്പോഴവിടെ കര്‍ഫ്യൂ ഇല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. നിരന്തരമായി അക്രമങ്ങള്‍ നടത്തിവരികയായിരുന്ന സാമൂഹ്യവിരുദ്ധരെ 2002ല്‍ ഒരു പാഠം പഠിപ്പിച്ചെന്നാണ് അമിത് ഷാ പറഞ്ഞത്. 2002ന് ശേഷം ബി.ജെ.പി സംസ്ഥാനത്ത് സമാധാനം സൃഷ്ടിച്ചെന്നും അമിത് ഷാ പറഞ്ഞിരുന്നു.

‘കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് (1995ന് മുമ്പ്) ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ രൂക്ഷമായിരുന്നു. ഇത്തരം കലാപങ്ങളെ മുതലെടുത്താണ് കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുബാങ്ക് ശക്തമാക്കിയത്. അതിലൂടെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ അനീതിക്കിരയാവുകയായിരുന്നു.

പക്ഷെ 2002ല്‍ അത്തരം അക്രമകാരികളെയെല്ലാം ഒരു പാഠം പഠിപ്പിച്ചതോടെ അവര്‍ അക്രമത്തിന്റെ വഴിയെല്ലാം ഉപേക്ഷിച്ചു. 2002 മുതല്‍ 2022 വരെ അവരാരും പിന്നെ അക്രമത്തിലേക്ക് തിരിഞ്ഞിട്ടില്ല. ബി.ജെ.പിയാണ് ഗുജറാത്തില്‍ സമാധാനം സൃഷ്ടിച്ചത്. വര്‍ഗീയാക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ടാണ് ബി.ജെ.പി ഇത് സാധ്യമാക്കിയത്,’ എന്നാണ് അമിത് ഷാ പറഞ്ഞത്.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വെച്ച് ട്രെയ്നിലെ ബോഗിക്ക് തീവെച്ച സംഭവത്തില്‍ ഹിന്ദു സന്യാസികളായ 58 കര്‍സേവകര്‍ മരിച്ചതിന് പിന്നാലെയാണ് ഗുജറാത്തില്‍ മാസങ്ങള്‍ നീണ്ട കലാപ പരമ്പരകള്‍ നടക്കുന്നത്.

1044 പേര്‍ കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും ചെയ്തുവെന്നാണ് ഓദ്യോഗിക കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ 740 പേരും മുസ്‌ലിങ്ങളായിരുന്നു. അതേസമയം വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകും നടത്തിയ അന്വേഷണത്തില്‍ മരണസംഖ്യ 2000ത്തിനും മുകളിലാകുമെന്നാണ് കണ്ടെത്തിയിരുന്നത്.

സംസ്ഥാനത്ത് കലാപത്തിന് തിരികൊളുത്തുന്നതിന് വേണ്ടി ഹിന്ദുത്വ ഗ്രൂപ്പുകള്‍ തന്നെ നടത്തിയ ഗൂഢപദ്ധതിയായിരുന്നു ഗോധ്ര സംഭവമെന്ന് വരെ പിന്നീട് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Content Highlight: Assam’s BJP CM Himanta Biswa Sarma says Hindus don’t contribute to riots