കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമ കണ്ടപ്പോഴാണ് ആസിഫിലൊരു പ്രൊനൗണ്‍സ്ഡ് ആയിട്ടുള്ള പെര്‍ഫോമന്‍സ് കണ്ടതെന്ന് നടി മംമ്ത. ആസിഫ് കരയുമ്പോള്‍ നമ്മുടെ കണ്ണുകളും നനയുമെന്നും അഭിനയം കണ്ടിട്ട് അവനിപ്പോള്‍ പഴയ ആസിഫല്ലെന്ന് താന്‍ മമ്മിയോട് പറഞ്ഞെന്നും മംമ്ത പറഞ്ഞു.
ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് മംമ്ത ഇക്കാര്യം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘കെട്ടിയോളാണെന്റെ മാലാഖ കണ്ടപ്പോള്‍ ഞാന്‍ മമ്മിയോട് പറഞ്ഞു, മമ്മി ആസിഫിന്റെ കണ്ണുകളില്‍ ഒരു മാറ്റമുണ്ടെന്ന്. ഇപ്പോള്‍ അവനൊരു കഥാപാത്രമാണ്, പഴയ ആസിഫ് അല്ല.
കണ്ണുകളില്‍ ഇപ്പോഴും ആ ഒരു ഇന്നസെന്‍സും ബ്യൂട്ടിയുമുണ്ട്. ആസിഫ് കരയുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഒന്ന് നനയും. അതുപോലുള്ള കുറച്ച് മൊമെന്റ്‌സ് ഈ ഫിലിമുണ്ട്. ഞാന്‍ തന്നെ കണ്ടപ്പോള്‍ എന്‍ജോയ് ചെയ്ത മൊമെന്റ്‌സ്.
ഒരു ആക്ടര്‍ എന്ന നിലയില്‍ ആസിഫ് ഒത്തിരി പുരോഗമിച്ചിട്ടുണ്ട്. അവന്റെ കരിയര്‍ ഇവിടെ വരെ എത്തിയതില്‍ എനിക്കൊത്തിരി സന്തോഷമുണ്ട്. ഒരുപാട് നല്ല സിനിമകളാണ് ആസിഫ് ചെയ്ത് കൊണ്ടിരിക്കുന്നത്,’മംമ്ത പറഞ്ഞു.
അതേസമയം, ആസിഫിനെ നായകനാക്കി സേതു സംവിധാനം ചെയ്ത ചിത്രമാണ് മഹേഷും മാരുതിയും. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം വലിയൊരു ഇടവേള കഴിഞ്ഞ് മംമ്തയും ആസിഫും മഹേഷും മാരുതിയിലൂടെ വീണ്ടും ഒരുമിക്കുകയാണ്.
വിജയ് ബാബു, മണിയന്‍പിള്ള രാജു, പ്രേം കുമാര്‍, വിജയ് നെല്ലീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് കേദര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.