എനിക്ക് ടൈം ട്രാവല്‍ ചെയ്ത് പോകാന്‍ ആഗ്രഹമുള്ളത് ഒരേയൊരു സിനിമാ ലൊക്കേഷനിലേക്ക്: ആസിഫ് അലി
Entertainment
എനിക്ക് ടൈം ട്രാവല്‍ ചെയ്ത് പോകാന്‍ ആഗ്രഹമുള്ളത് ഒരേയൊരു സിനിമാ ലൊക്കേഷനിലേക്ക്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th September 2024, 7:03 pm

ആസിഫ് അലിയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫിനെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

അപര്‍ണ ബാലമുരളി നായികയായി എത്തുന്ന കിഷ്‌കിന്ധാ കാണ്ഡത്തില്‍ അശോകന്‍, ജഗദീഷ്, വിജയരാഘവന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ സീനിയേര്‍സായ അശോകന്റെയും ജഗദീഷിന്റെയും കൂടെ സിനിമ ചെയ്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആസിഫ് അലി.

തനിക്ക് ടൈം ട്രാവല്‍ ചെയ്യാന്‍ ഒരു കഴിവ് കിട്ടുകയാണെങ്കില്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ ലൊക്കേഷനിലേക്ക് പോകുമെന്നാണ് ആസിഫ് പറയുന്നത്. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ നേരത്തെ അവരുടെ കൂടെ ഒരു ഇരുപത് മിനുട്ട് ഇന്റര്‍വ്യൂവില്‍ ഇരുന്നു. ആ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കാര്യം പറഞ്ഞു. എനിക്ക് ടൈം ട്രാവല്‍ ചെയ്യാന്‍ ഒരു കഴിവ് കിട്ടുകയാണെങ്കില്‍ ഞാന്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ ലൊക്കേഷനിലേക്ക് പോകും.

എങ്ങനെയാണ് അവിടെ ഷൂട്ടിങ് നടന്നതെന്ന് എനിക്ക് അറിയണം. കാരണം അശോകേട്ടന് ഒന്ന് വാ തുറന്നാല്‍ അപ്പുറത്ത് ജഗദീഷേട്ടന്‍ രണ്ട് പറയും. ഇവരുടെ തര്‍ക്കത്തിന്റെ ഇടയില്‍ കുട്ടേട്ടന്‍ (വിജയരാഘവന്‍) വന്ന് വളരെ സൈലന്റായി വന്നിട്ട് ഒരു ബോംബിട്ടിട്ട് പോകും. ഇവരുടെ എനര്‍ജി വളരെ വലുതാണ്.

അവരുടെ സമയത്ത് ഇന്നത്തെ പോലെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂസൊന്നും ഉണ്ടായിരുന്നില്ല. ഷുട്ട് ചെയ്ത് വെച്ച ഇന്റര്‍വ്യൂസൊന്നും തന്നെ നമ്മള്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഇവരുടെയൊന്നും റിയല്‍ ലൈഫിലെ ഹ്യൂമര്‍ സൈഡ് നമ്മള്‍ കണ്ടിട്ടില്ല. സിനിമയിലെ ഹ്യൂമര്‍ സൈഡ് മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ.

അതുകൊണ്ട് ഞാന്‍ വളരെ എക്‌സൈറ്റിങ്ങായിരുന്നു. ഷൂട്ടിങ്ങിന്റെ സമയത്ത് നമ്മള്‍ ആദ്യത്തെ ദിവസങ്ങളില്‍ കുട്ടേട്ടനോടൊക്കെ സംസാരിക്കുന്നത് വളരെ ഭയഭക്തി ബഹുമാനത്തിലാണ്. പക്ഷെ പിന്നീട് കുട്ടേട്ടന്‍ അത് ബ്രേക്ക് ചെയ്ത് നമ്മളുടെ കൂടെയുള്ള ഒരാളായി നിന്നു,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About In Harihar Nagar Movie