മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ പുറകില്‍ വന്ന് ചെവിയില്‍ കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കും: ആസിഫ് അലി
Film News
മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ പുറകില്‍ വന്ന് ചെവിയില്‍ കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കും: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th May 2022, 2:37 pm

ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 2012ല്‍ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടല്‍’. അഞ്ജലി മേനോന്റെ തിരക്കഥയില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ തിലകന്‍, നിത്യ മേനോന്‍, സിദ്ദിഖ്, മാമുക്കോയ, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതിഥി വേഷത്തിലൂടെ ആസിഫ് അലിയും ചിത്രത്തില്‍ ഉണ്ടായിരുന്നു. സിനിമ നടന്‍ ആസിഫ് അലിയായി തന്നെയാണ് താരം ഉസ്താദ് ഹോട്ടലില്‍ എത്തിയത്.

സിനിമയിലെ പ്രേക്ഷരുടെ പ്രിയപ്പെട്ട സീനുകളില്‍ ഒന്നായിരുന്നു മാമുക്കോയ ‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന് ആസിഫ് അലിയോട് ചോദിക്കുന്ന രംഗം. കുഞ്ചാക്കോ ബോബനല്ല, അമിതാബ് ബച്ചന്‍ എന്ന ആസിഫിന്റെ മറുപടിയും രസകരമായിരുന്നു.

‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന് തന്നോട് പലരും ഇപ്പോഴും ചോദിക്കാറുണ്ടെന്നും, അത് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം വരാറുണ്ടെന്നും പറയുകയാണ് ആസിഫ് അലി. ഡൂള്‍ന്യൂസിന് വേണ്ടി അന്ന കീര്‍ത്തി ജോര്‍ജിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”സൗഹൃദം കാരണമാണ് എനിക്ക് പല സിനിമകളിലും അതിഥി വേഷം കിട്ടുന്നത്. അത് പോലുള്ള സുഹൃത്ത് ബന്ധത്തിന്റെ പുറത്താണ് പല അതിഥി വേഷങ്ങളും ഞാന്‍ ചെയ്യുന്നത്. എന്നോട് ആ കഥാപാത്രം ചെയ്യുമോ എന്ന് ചോദിക്കാനുള്ള ഒരു ഫ്രീഡം സൗഹൃദത്തിന്റെ പുറത്തുള്ളതാണ്. ഞാന്‍ പോകുന്നതും സൗഹൃദത്തിന്റെ പുറത്താണ്. ഞാന്‍ ചെയ്യുന്ന അതിഥി വേഷങ്ങള്‍ക്കെല്ലാം എപ്പോഴും ഒരു ഐഡന്റിറ്റിയും ഉണ്ടാകാറുണ്ട്. ഇപ്പോഴും ഞാന്‍ കല്ല്യാണ വീടുകളില്‍ പോകുമ്പോള്‍ ആളുകള്‍ വന്നിട്ട് ‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന് ചോദിക്കാറുണ്ട്. നിങ്ങളോട് കുഞ്ചാക്കോ ബോബനല്ലേ എന്ന് ആളുകള്‍ ചോദിച്ചിട്ടുണ്ടാവില്ലേ എന്ന് ഞാന്‍ ചാക്കോച്ചനോട് തന്നെ ചോദിച്ചിരുന്നു. ചില സമയത്ത് എനിക്ക് അത് തമാശയായിട്ടും, ചില സമയത്ത് ഭയങ്കര ദേഷ്യമായും തോന്നാറുണ്ട്.

May be an image of 1 person

ഭയങ്കര ഓഡായിട്ടുള്ള സമയത്തൊക്കെയായിരിക്കും ആളുകള്‍ ഈ ഡയലോഗ് പറയുന്നത്. ഞാന്‍ ഒരു മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ എന്റെ പുറകില്‍ വന്ന് ചെവിയില്‍ ഒരാള്‍ കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കും. ഞാന്‍ തിരിഞ്ഞ് നോക്കും. എന്റെ സിനിമകള്‍ ഇയാള്‍ കാണാറുണ്ട്, എന്നെ അറിയാം എന്ന് പ്രകടിപ്പിക്കാവുന്ന ഏറ്റവും നല്ല ഒരു രീതി എന്റെ ഡയലോഗ് പറയുക എന്നുള്ളതാണ്. അതിഥി വേഷങ്ങള്‍ സൗഹൃദത്തിന് വേണ്ടി ചെയ്യുന്നതാണെങ്കിലും അതില്‍ നിന്നെല്ലാം ഒരു ഐഡന്റിറ്റി ഉണ്ടായിട്ടുണ്ട്. ഉദ്ദേശപൂര്‍വമല്ലെങ്കിലും ദൈവം തന്ന ഒരു ഗിഫ്റ്റ് പോലെയാണത്,” ആസിഫ് അലി പറഞ്ഞു.

അതേസമയം, ആസിഫ് അലി കേന്ദ്രകഥാപാത്രമായെത്തുന്ന ‘കുറ്റവും ശിക്ഷയും’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

May be an image of 1 person

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിബി തോമസിന്റെ നേതൃത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി ഉത്തരേന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയായിരിക്കുന്നത്. സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. സംഗീതസംവിധാനം ഡോണ്‍ വിന്‍സെന്റ്. മെയ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: Asif Ali says that many people still ask him ‘Kunchacko Bobanalle’ and sometimes he gets angry when asks that