ആരാധികമാരെ കൂട്ടാന്‍ അബദ്ധം കാട്ടിയ മുകേഷ്; ആ കഥ മറക്കില്ലെന്ന് ആസിഫ് അലി
Entertainment news
ആരാധികമാരെ കൂട്ടാന്‍ അബദ്ധം കാട്ടിയ മുകേഷ്; ആ കഥ മറക്കില്ലെന്ന് ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th May 2021, 4:58 pm

നടന്‍ മുകേഷ് പറഞ്ഞുതന്ന ഒരു അനുഭവകഥ താന്‍ ഒരിക്കലും മറക്കില്ലെന്ന് നടന്‍ ആസിഫ് അലി. കൊല്ലം ടൗണ്‍ ഹാളില്‍ വെച്ച് നടന്ന മുകേഷിന്റെ ആദ്യത്തെ മെയിന്‍ സ്ട്രീം നാടകത്തിന് ശേഷം സുഹൃത്തുക്കളുടെ ഉപദേശത്തില്‍ അദ്ദേഹത്തിന് ചെയ്യേണ്ടി വന്ന ചില കാര്യങ്ങളും അതിനെ തുടര്‍ന്നുണ്ടായ രസകരമായ സംഭവങ്ങളുമാണ് ആസിഫ് അലി വിവരിക്കുന്നത്.

തന്നോട് ഈ കഥ മുകേഷേട്ടന്‍ തന്നെ പറഞ്ഞതാണെന്നും ആ കഥയിലെ ‘മോറല്‍’ എത്ര കാലം കഴിഞ്ഞാലും താന്‍ മറക്കില്ലെന്നും ആസിഫ് അലി ഫ്‌ളാഷ് മൂവീസ് മാഗസിനില്‍ പറയുന്നു.

നാടകം കഴിഞ്ഞതിന് ശേഷം മുകേഷേട്ടനെ പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമിലേക്ക് എത്തി. മുകേഷേട്ടന്റെ കൂട്ടുകാര്‍ അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു. നീ ഇപ്പോള്‍ അവര്‍ക്ക് ഓട്ടോഗ്രാഫോ പരിചയപ്പെടാനുള്ള ചാന്‍സോ കൊടുക്കരുത്. നാളെ പത്രങ്ങളിലും മറ്റും നിന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന ശേഷം അവര്‍ നിന്നെ കാണാന്‍ കഷ്ടപ്പെട്ട് വരണം.

പെട്ടെന്ന് പരിചയപ്പെടാനുള്ള ചാന്‍സ് കൊടുക്കുന്നതിനേക്കാള്‍ കഷ്ടപ്പെട്ട് അവസരം കിട്ടിയാലേ അതിനൊരു വിലയുണ്ടാവൂ എന്ന് കൂട്ടുകാര്‍ പറയുന്നത് കേട്ട് മുകേഷേട്ടന്‍ അതുപോലെ ചെയ്തു. പിറ്റേ ദിവസം രാവിലെ പത്രം നോക്കിയപ്പോള്‍ നാടകത്തെ കുറിച്ചുള്ള വാര്‍ത്തയൊന്നും കണ്ടില്ല.

അന്ന് വൈകീട്ടും പിറ്റേന്നുമൊക്കെ ആ പെണ്‍കുട്ടികള്‍ വീണ്ടും പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനും വന്നേക്കുമെന്ന പ്രതീക്ഷയില്‍ മുകേഷേട്ടന്‍ നാടകം അവസാനിച്ച ടൗണ്‍ഹാളിന് മുമ്പില്‍ പോയി നിന്ന് നോക്കി. എന്നാല്‍ ആരും വന്നില്ല. ആസിഫ് അലി പറയുന്നു.

നമ്മുടെ കൂട്ടുകാര്‍ ഇങ്ങനെ പല ഉപദേശവും തരുമെന്നും എന്നാല്‍ നമുക്ക് തോന്നുന്നപോലെ ചെയ്യണമെന്നും മുകേഷ് പറഞ്ഞതായി ആസിഫ് അലി പറയുന്നു. മുകേഷിന്റെ ഒരുപാട് കഥകളൊന്നും തനിക്ക് അറിയില്ലെങ്കിലും ഈ കഥ താന്‍ മറക്കില്ലെന്ന് ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Asif Ali says about Mukesh