സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ആ സീന്‍ താന്‍ ഷൂട്ട് ചെയ്യുമെന്നാണ് രാജുവേട്ടന്‍ പറഞ്ഞത്: ആസിഫ് അലി
Entertainment
സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ആ സീന്‍ താന്‍ ഷൂട്ട് ചെയ്യുമെന്നാണ് രാജുവേട്ടന്‍ പറഞ്ഞത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th October 2024, 8:18 am

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത് 2014ല്‍ റിലീസായ ചിത്രമാണ് സപ്തമശ്രീ തസ്‌കരാഃ. പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, ചെമ്പന്‍ വിനോദ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പരസ്പരം പരിചയമില്ലാത്ത ഏഴ് കള്ളന്മാര്‍ ഒരു പ്രത്യേക ലക്ഷ്യത്തിനായി ഒത്തുചേരുന്നതാണ് ചിത്രത്തിന്റെ പ്രധാന കഥ. ആ വര്‍ഷത്തെ ഓണം റിലീസായെത്തിയ ചിത്രം മികച്ച വിജയമാണ് ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്.

ചിത്രത്തില്‍ ആസിഫ് അലിയുടെ ഇന്‍ട്രോ സീന്‍ സംവിധാനം ചെയ്തത് പൃഥ്വിരാജായിരുന്നു. ആസിഫ് എന്ന നടന് കിട്ടിയ ഏറ്റവും മികച്ച ഇന്‍ട്രോകളില്‍ ഒന്നായിരുന്നു സപ്തമശ്രീ തസ്‌കരയിലേത്. സിനിമയിറങ്ങി 10 വര്‍ഷത്തിനിപ്പുറവും ആസിഫ് അലിയുടെ ഇന്‍ട്രോ സീന്‍ ചര്‍ച്ചയാകുന്നുണ്ട്. ലൂസിഫറിന്റെ വിജയത്തിന് ശേഷമാണ് ഈ ചിത്രത്തിലെ ആസിഫിന്റെ ഇന്‍ട്രോ വീണ്ടും ചര്‍ച്ചയിലേക്കെത്തിയത്.

ആ സീന്‍ പൃഥ്വി സംവിധാനം ചെയ്തതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ആസിഫ് അലി. ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ആ സീന്‍ താന്‍ ഷൂട്ട് ചെയ്യുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നുവെന്നും ആ സിനിമയിലെ ഏറ്റവും പവര്‍ഫുള്‍ ഇന്‍ട്രോ ആ സീനായിരുന്നുവെന്നും ആസിഫ് പറഞ്ഞു.

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ചില്‍ ആയതുകൊണ്ട് പൃഥ്വിയുടെ ആഗ്രഹത്തിനൊപ്പം നിന്നുവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. അതുപോലെ തനിക്ക് ഒന്നുകൂടി വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സംവിധായകരാണ് അമല്‍ നീരദും ആഷിക് അബുവുമെന്നും ആസിഫ് പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ആസിഫ്.

‘സപ്തമശ്രീ തസ്‌കരയില്‍ എന്റെ ഇന്‍ട്രോ സീന്‍ പ്ലാന്‍ ചെയ്തതും ഷൂട്ട് ചെയ്തതും പൃഥ്വിയായിരുന്നു. കാരണം, ആ സ്‌ക്രിപ്റ്റ് വായിച്ച സമയത്ത് മൂപ്പര്‍ക്ക് ഏറ്റവും എക്‌സൈറ്റിങ്ങായിട്ടുള്ള ഇന്‍ട്രോയായി തോന്നിയത് എന്റെ സീനായിരുന്നു. അത് പുള്ളി പറയുകയും ചെയ്തിട്ടുണ്ട്. ‘ഈ സീന്‍ ഞാന്‍ തന്നെ ഷൂട്ട് ചെയ്യും’ എന്നായിരുന്നു പുള്ളി പറഞ്ഞത്. സംവിധായകന്‍ അനിലേട്ടന്‍ വളരെ ചില്‍ ആയിരുന്നു. പുള്ളിക്ക് അതില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല.

അതുപോലെത്തന്നെ അത്രക്ക് ക്ലാരിറ്റിയില്ലാത്ത സമയത്ത് വര്‍ക്ക് ചെയ്ത സംവിധായകരോടൊപ്പം ഒന്നുകൂടി വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ബാച്ചിലര്‍ പാര്‍ട്ടി ചെയ്യുന്ന സമയത്ത് അമലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഞാന്‍ എലിജിബിളായിരുന്നില്ല. അതിന്റേതായ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. അതുപോലെ സാള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം ആഷിഖ് അബുവുമായി വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചില്ല. നീലവെളിച്ചം വരെയുള്ള സിനിമകളുടെ ഡിസ്‌കഷനില്‍ വരികയും അതൊന്നും നടക്കാതെ പോവുകയും ചെയ്തിട്ടുണ്ട്’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali about his intro scene directed by Prithviraj in Sapthamasree Thaskaraha movie