തന്റെ അഭിപ്രായത്തില്‍ സാംസ്‌കാരിക മന്ത്രി കുറഞ്ഞ പക്ഷം സിനിമയെങ്കിലും കാണണമെന്ന് ആഷിഖ് അബു പറയുന്നു. മിടുക്കരായ സിനിമ കാണുന്ന യുവമന്ത്രിമാര്‍ ഈ മന്ത്രിസഭയില്‍ തന്നെ ഉണ്ടെന്നും, അതുകൊണ്ട് സജി ചെറിയാന്‍ സങ്കീര്‍ണ്ണമായ ഈ അവസ്ഥയില്‍ അവര്‍ക്കാര്‍ക്കെങ്കിലും വകുപ്പ് കൈമാറാമെന്നും ആഷിഖ് അബു പറയുന്നു. ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ സാംസ്‌കാരിക മന്ത്രി കുറഞ്ഞ പക്ഷം സിനിമ കാണുകയെങ്കിലും വേണം. അദ്ദേഹം ഒരിക്കലെപ്പോഴോ പറയുന്നത് കേട്ടിട്ടുണ്ട് ഇരുപത് വര്‍ഷമായിട്ട് അദ്ദേഹം സിനിമ കണ്ടിട്ടില്ലെന്ന്.
എനിക്ക് ഓര്‍മപ്പെടുത്താനുള്ള ഒറ്റകാര്യം സിനിമയും നാടകവും തുടങ്ങി എല്ലാ തരത്തിലുള്ള കലാരൂപത്തോടും കലാപ്രവര്‍ത്തങ്ങളോടും എന്നും ഐക്യപ്പെട്ടുനിന്നിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം. സിനിമകളെ പറ്റി അജ്ഞതയുണ്ട്. ആ സിനിമകള്‍ എന്താണ് സമൂഹത്തില്‍ ചെയ്ത ഇമ്പാക്ട്, എത്തരത്തിലുള്ള സിനിമകള്‍ വന്നതോടുകൂടിയാണ് മലയാള സിനിമയില്‍ നവീകരണം ആരംഭിച്ചത് എന്നെല്ലാം അറിഞ്ഞിരിക്കണം,’ ആഷിഖ് അബു പറയുന്നു.
സിനിമ കണ്ട് തുടങ്ങണം എന്നുള്ളതൊക്കെ ഇനി നടക്കുന്ന കാര്യമല്ല. അതുകൊണ്ട് എത്രയും വേഗം മന്ത്രി ആ സ്ഥാനം കൈമാറുകയെങ്കിലും വേണം എന്നുള്ള അവതാരകന്റെ പ്രസ്താവനയോട് ആഷിഖ് അബു യോജിക്കുന്നു.
‘നമുക്ക് ഏറ്റവും മിടുക്കരായിട്ടുള്ള സിനിമയെ പറ്റിയെല്ലാം നന്നായിട്ടറിയുന്ന, രാഷ്ട്രീയ ഇച്ഛാശക്തിയുള്ള യുവ മന്ത്രിമാര്‍ ഈ മന്ത്രിസഭയില്‍ തന്നെയുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും ഈ ഡിപ്പാര്‍ട്‌മെന്റ് കൈമാറണം. കാരണം വളരെ സങ്കീര്‍ണ്ണമായ ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ അവസ്ഥയെ മറികടക്കാന് കുറേ കൂടെ കപ്പാസിറ്റി ഉള്ളൊരാള്‍ ഈ വകുപ്പ് ഏറ്റെടുത്താല്‍ മാത്രമേ നടക്കുകയുള്ളൂ,’ ആഷിഖ് അബു പറയുന്നു.
അതേ സമയം സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജി വെച്ചിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് ആഷിഖ് അബു രാജിക്കത്ത് അയച്ചു. ഒളിഞ്ഞിരുന്നു ക്ലാസ് എടുക്കുന്ന പരിപാടി നിര്‍ത്തണമെന്നും തൊഴില്‍ നിഷേധത്തിന് നേതൃത്വം നല്‍കിയ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് പുറത്താക്കണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടിരുന്നു.