മലയാളി ഡാ...അരങ്ങേറ്റത്തിൽ തന്നെ ചരിത്രനേട്ടം; സൗത്ത് ആഫ്രിക്കയെ എറിഞ്ഞു വീഴ്ത്തിയ കേരള വീരഗാഥ!
Cricket
മലയാളി ഡാ...അരങ്ങേറ്റത്തിൽ തന്നെ ചരിത്രനേട്ടം; സൗത്ത് ആഫ്രിക്കയെ എറിഞ്ഞു വീഴ്ത്തിയ കേരള വീരഗാഥ!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th June 2024, 9:11 pm

ഇന്ത്യ വിമണ്‍സും-സൗത്ത് ആഫ്രിക്ക വിമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 143 റണ്‍സിന്റെ കൂറ്റന്‍ വിജയം.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 37.4 ഓവറില്‍ 122 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ ബൗളിംഗ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മലയാളി താരം ആശ ശോഭനയാണ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്. 8.4 ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ശോഭന നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2.42 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

മലയാളി താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. വിമണ്‍സ് ഏകദിനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ തന്നെ മലയാളി താരം മിന്നും പ്രകടനം നടത്തിയത് ഏറെ ശ്രദ്ധേയമായി.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ മറ്റൊരു ചരിത്രം നേട്ടവും ആശ സ്വന്തം പേരില്‍ കുറിച്ചു. വിമണ്‍സ് ഏകദിനത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണ് ഇത്.

2023ല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ആമന്‍ജോത്ത് കൗര്‍ 31 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ നേടിയിരുന്നു. അമന്‍ ജോബിന്റെ ഈ നേട്ടം മറികടന്നു കൊണ്ടായിരുന്നു മലയാളി താരത്തിന്റെ മുന്നേറ്റം.

മത്സരത്തില്‍ തന്നെ ഇന്ത്യയ്ക്കായി ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയിരുന്നത് പൂര്‍ണിമ ചൗധരിയാണ്. 1997ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ 21 റണ്‍സ് വിട്ടു നല്‍കി അഞ്ചു വിക്കറ്റുകള്‍ ആയിരുന്നു താരം നേടിയത്.

ആശാ ശോഭനക്ക് പുറമേ ദീപ്തി ശര്‍മ രണ്ടു വിക്കറ്റും രേണുക സിങ്, പൂജ വസ്താക്കര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നിര്‍ണായകമായി.

അതേസമയം സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 127 പന്തില്‍ നിന്നും 117 റണ്‍സ് ആണ് സ്മൃതി നേടിയത്. 12 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ദീപ്തി ശര്‍മ 48 പന്തില്‍ 37 റണ്‍സും പൂജ വസ്ത്രാക്കര്‍ 42 പന്തില്‍ 31 റണ്‍സും നേടി നിര്‍ണായകമായി.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ അയാ ബോങ്ക ഖാക്ക മൂന്ന് വിക്കറ്റും മസാബാറ്റ ക്ലാസ് രണ്ട് വിക്കറ്റും അന്നറി ഡാര്‍ക്ക്സന്‍, നോണ്‍ കുലുലേക്കോ മ്ലാബ, നൊണ്ടുമിസോ ഷാമംഗസെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും സാധിച്ചു. ജൂണ്‍ 19നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Asha Shobana great Record in ODI Cricket