മോദി ഭരണത്തിന് കീഴില്‍ യോഗ ഗുരു ബാബ രാം ദേവിന് വഴിവിട്ട് സഹായ ലഭിച്ചെന്ന് റിപ്പോര്‍ട്ട്
India
മോദി ഭരണത്തിന് കീഴില്‍ യോഗ ഗുരു ബാബ രാം ദേവിന് വഴിവിട്ട് സഹായ ലഭിച്ചെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th May 2017, 12:42 pm

ഹരിദ്വാര്‍: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം വിവാദ യോഗഗുരു ബാബ രാം ദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ വളര്‍ച്ച പതിന്മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2013-ല്‍ ആയിരം കോടി വരുമാനമുണ്ടായിരുന്ന ഗ്രൂപ്പ് ഈ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 10,000 കോടിക്ക് മുകളില്‍ വരുമാനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം രാംദേവിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പതഞ്ജലി ഗ്രൂപ്പിന് വഴിവിട്ട് സഹായം ലഭിച്ചെന്നും പറയുന്നു. ഭൂമി വാങ്ങിയതില്‍ മുന്നൂറ് കോടിയുടെ ഇളവ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.


Also Read: ‘പാഴായില്ല, ഈ പോരാട്ടം’; 86 ദിവസത്തെ ഐതിഹാസിക സമരം ഒടുവില്‍ വിജയിച്ചു; രാമന്തളിക്കാരുടെ കുടിവെള്ളം ഇനി സംരക്ഷിക്കപ്പെടും


മധ്യപ്രദേശില്‍ 40 ഏക്കര്‍ സ്ഥലം വാങ്ങിയത് വിപണി വിലയേക്കാള്‍ 80 ശതമാനം കുറച്ചാണ്. അതില്‍ നിന്ന് മാത്രം ലാഭം 64.75 കോടി രൂപയാണ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള 234 ഏക്കര്‍ സെസ് ഭൂമിക്ക് പതഞ്ജലി നല്‍കിയത് 5.9 കോടി രൂപ. എന്നാല്‍ ഭൂമിയുടെ വിപണി വില 260 കോടി രൂപയാണ്. അസമില്‍ 2014 ഡിസംബറില്‍ 1200 ഏക്കര്‍ ഭൂമി സൗജന്യമായി കരാര്‍ വ്യവസ്ഥയില്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാംദേവും മോദിയും വളര്‍ന്ന സാഹചര്യങ്ങള്‍ സമാനമാണ്.കൃഷിക്കാരന്റെ മകനായ രാംദേവ് ചെറിയ യോഗ ക്ലാസുകളിലൂടെ തുടങ്ങി ശേഷം ആയുര്‍വേദ മരുന്ന് നിര്‍മാണത്തിലേക്ക് തിരിയുകയാിരുന്നു. ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന വിവാദ പ്രസംഗത്തെ തുടര്‍ന്ന് ആത്മീയ ഗുരുവിനെതിരെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഗോയല്‍ വാറണ്ടയച്ചിരുന്നു.