മുംബൈ: ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഞായറാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്.
ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ ആര്യന് ഖാനെ എന്‍.സി.ബി ചോദ്യം ചെയ്യുകയാണ്. ആര്യന് ഖാന്റെ വാട്സ്ആപ്പ് ചാറ്റ് എന്‍.സി.ബി പരിശോധിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ന്യൂസ് 18 നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആര്യന് ഖാന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അദ്ദേഹം പതിവായി മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തിയതായും ഉന്നത വൃത്തങ്ങള്‍ ന്യൂസ് 18 നോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ആര്യന് ഖാനെതിരായ കേസ് ശക്തമാണെന്നും ചോദ്യം ചെയ്യലിന് ശേഷം കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നുമാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര് പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
കപ്പലില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെയായിരുന്നു റെയ്ഡ് നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള് റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.