ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വീണ്ടും ആം ആദ്മിയെ തെരഞ്ഞെടുത്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നിങ്ങളുടെ പക്കല്‍ അധികാരമുണ്ട്, അത് കൃത്യമായി വിനിയോഗിച്ചാല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്. ദല്‍ഹിയില്‍ നടന്ന റോഡ്‌ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.
20 ദിവസത്തിന് ശേഷം വീണ്ടും ജയിലില്‍ പോകേണ്ടി വരുമെന്നാണ് ബി.ജെ.പി നേതാക്കള്‍ തന്നോട് പറയുന്നത്. എന്നാല്‍ ആം ആദ്മിയെ വിജയിപ്പിച്ചാല്‍ ഒരുപക്ഷെ അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ എന്തിനാണ് ജയിലിലേക്ക് അയച്ചതെന്നാണ് ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്നും കെജ്‌രിവാള്‍ ജനങ്ങളോട് പറഞ്ഞു.
‘നിങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാതിരുന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ഞാന്‍ നല്ല സ്‌കൂളുകള്‍ ഏര്‍പ്പാടാക്കി. നിങ്ങളുടെ വീട്ടിലെ ഒരാള്‍ക്ക് അസുഖം വന്നപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപ ഞാന്‍ ചെലവഴിച്ചു.
ഇതൊക്കെയാണ് ഞാന്‍ നിങ്ങളോട് ചെയ്ത തെറ്റ്. ഇതുകൊണ്ടൊക്കെയാണോ എന്നെ ജയിലിലേക്ക് അയച്ചത്, നിങ്ങള്‍ പറയൂ,’ കെജ്‌രിവാള്‍ ജനങ്ങളോട് ചോദിച്ചു.
‘ഞാന്‍ വീണ്ടും ജയിലില്‍ പോകുകയാണെങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കായി ഞാന്‍ ഒരുക്കിയ സൗകര്യങ്ങള്‍ എല്ലാം അവസാനിപ്പിക്കും.
നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്തും, സൗജന്യ വൈദ്യുതി പദ്ധതി നിര്‍ത്തും, സ്‌കൂളുകള്‍ നശിപ്പിക്കും, ക്ലിനിക്കുകളും ആശുപത്രികളും അടച്ചുപൂട്ടും, ഇത് തെറ്റായ രാഷ്ട്രീയമല്ലേ?,’ കെജ്‌രിവാള്‍ റാലിയില്‍ ചോദിക്കുകയുണ്ടായി.
ദല്‍ഹിയിലെ വോട്ടര്‍മാരെ ഇതിനുമുമ്പ് പ്രതിനിധീകരിച്ച പാര്‍ലമെന്റ് അംഗത്തെക്കുറിച്ച് അറിയാമോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. മുന്‍ എം.പി മീനാക്ഷി ലേഖി നിങ്ങള്‍ ഒരു ആവശ്യത്തിന് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തോയെന്നും കെജ്‌രിവാള്‍ ചോദ്യമുയര്‍ത്തി. മീനാക്ഷിയെ നേരിട്ട് സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് കാണാനായത് സോമനാഥ് ഭാരതിയെ ആയിരിക്കുമെന്നും ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
പടിഞ്ഞാറന്‍ ദല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ ഒരിക്കലും ജനങ്ങളെ കാണാന്‍ പോയിട്ടില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
പലപ്പോഴും അദ്ദേഹം തന്റെ വോട്ടര്‍മാരോട് അപമര്യാദയോട് കൂടി പെരുമാറിയിട്ടുണ്ടന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഐ.എന്‍.സിയുടെ മഹാബലി മിശ്ര ഒരു മാന്യയായ വ്യക്തിയാണ്. അദ്ദേഹത്തിന് വോട്ട് ചെയ്ത് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു.
Content Highlight: Kejriwal says he will not have to go back to jail if people elect Aadmi again in Lok Sabha elections