Film News
റോക്കിക്ക് ഡബ്ബ് ചെയ്തത് രണ്ടര മണിക്കൂര്‍ കൊണ്ട്, റിലീസ് ചെയ്തപ്പോഴാണ് കെ.ജി.എഫിന്റെ വലിപ്പം മനസിലായത്: അരുണ്‍ എം.എസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 06, 12:58 pm
Wednesday, 6th April 2022, 6:28 pm

2018 ലെ സര്‍പ്രൈസ് ഹിറ്റായിരുന്നു കെ.ജി.എഫ്. കന്നഡ സിനിമക്ക് വലിയ മാര്‍ക്കറ്റില്ലാത്ത കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് വലിയ ഫാന്‍ ബേസാണ് ഉണ്ടാക്കിയെടുത്തത്. ഏപ്രില്‍ 14 ന് ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം.

ഒന്നാം ഭാഗം ഡബ്ബ് ചെയ്യുമ്പോള്‍ ഇത്ര വലിയ ചിത്രമാകുമെന്ന് വിചാരിച്ചില്ലെന്ന് പറയുകയാണ് യഷിന്റെ കഥാപാത്രമായ റോക്കിക്ക് ശബ്ദം നല്‍കിയ അരുണ്‍ എം.എസ്.

റിലീസ് ആകാന്‍ രണ്ടാഴ്ച ബാക്കിയുള്ളപ്പോഴാണ് ആദ്യഭാഗം തന്നതെന്നും രണ്ടര മണിക്കൂറ് കൊണ്ടാണ് താന്‍ ഡബ്ബ് ചെയ്തതെന്നും അരുണ്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.ജി.എഫ് സെക്കന്റ് പാര്‍ട്ടിനായി ഒന്നരവര്‍ഷമാണ് ഞങ്ങള്‍ ചെലവാക്കിയത്. ശങ്കര്‍ രാമകൃഷ്ണന്‍ സാര്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് മലയാളം വേര്‍ഷനായി വര്‍ക്ക് ചെയ്യുകയായിരുന്നു. രണ്ടാം ഭാഗം വരുമ്പോള്‍ അതിന്റെ വലിപ്പം കൂടി മനസിലാക്കിയിട്ടാണ് ഇത്രയും സമയം അതിനായി ചെലവഴിച്ചത്.

എന്നാല്‍ ആദ്യഭാഗം റിലീസ് ചെയ്യാന്‍ രണ്ടാഴ്ച ഉള്ളപ്പോഴാണ് കെ.ജി.എഫ് അവിടുത്തെ പ്രൊഡക്ഷന്‍ ടീം കേരളത്തിലേക്ക് തരുന്നത്. രണ്ടാഴ്ചത്തെ സമയം കൊണ്ട് വോയിസ് കാസ്റ്റിംഗ് നടത്തി ചെയ്തു തീര്‍ക്കേണ്ടതിന്റെ പരിമിതി ഉണ്ടായിരുന്നു.

ആദ്യഭാഗം ഞാന്‍ ചെയ്തത് രണ്ടര മണിക്കൂര്‍ കൊണ്ടാണ്. കെ.ജി.എഫ് നടക്കുമ്പോള്‍ ഇത് വലിയ വിജയമാകുമെന്ന് ധാരണയൊന്നുമുണ്ടായിരുന്നില്ല. അതു കഴിഞ്ഞ് ഫര്‍ഹാന്‍ അക്തര്‍ ഇതിന്റെ പോസ്റ്റര്‍ പങ്കുവെച്ച് റിലീസിന് പറ്റി സംസാരിച്ചു. ഫര്‍ഹാന്‍ അക്തര്‍ പറയാന്‍ മാത്രം എന്താണുള്ളത് എന്ന് അന്വേഷിച്ച് പോയപ്പോഴാണ് ട്രെയ്‌ലര്‍ റിലീസാവുന്നത്. ഡബ്ബ് ചെയ്യുന്ന സമയത്ത് സിനിമ അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഇതിന്റെ വലിപ്പം മനസിലാവുന്നത്,’ അരുണ്‍ പറഞ്ഞു.

കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രിവ്യൂ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

നായകന്‍ യഷിന് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിക്കുന്നത്. രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Arun MS, who dubbed for Rocky, says that he did not think kgf would be  a big movie