ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിധി കടക്കുന്നു; ആറ് മാസത്തേക്കെങ്കിലും നിര്‍ത്തിവെക്കണം; തുറന്ന കത്തുമായി ഇലോണ്‍ മസ്‌ക്കടക്കമുള്ള പ്രമുഖര്‍
World News
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിധി കടക്കുന്നു; ആറ് മാസത്തേക്കെങ്കിലും നിര്‍ത്തിവെക്കണം; തുറന്ന കത്തുമായി ഇലോണ്‍ മസ്‌ക്കടക്കമുള്ള പ്രമുഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2023, 10:13 am

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നതിനുള്ള വേഗത നിയന്ത്രണാതീതമാണെന്ന ആരോപണവും അതിന്റെ അപകട സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുറന്ന കത്ത്.

ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നെയ്ക് തുടങ്ങി ഒരു കൂട്ടം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ദ്ധരും വ്യവസായ എക്‌സിക്യൂട്ടീവുകളും ചേര്‍ന്നാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

ഒരു നിശ്ചിത ശേഷിക്ക് മുകളിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുകളുടെ പരിശീലനം കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും നിര്‍ത്തിവെക്കണമെന്ന് കത്തില്‍ പറയുന്നു. ഭാവിയിലെ അപകട സാധ്യതയെക്കുറിച്ചും കത്തില്‍ പറയുന്നു.

‘എ.ഐ സംവിധാനത്തിന് മനുഷ്യ-മത്സര ബുദ്ധിയാണുള്ളത്. ഇത് സമൂഹത്തിനും മനുഷ്യത്വത്തിനും തന്നെ അപകടമാണ്.

വിപുലമായ എ.ഐകള്‍ ശ്രദ്ധയോടെ വികസിപ്പിക്കണം. എന്നാല്‍ അടുത്ത കാലത്തായി എ.ഐ ലാബുകള്‍ നിയന്ത്രണാതീതമായ ഓട്ടത്തിലാണ്. ഇത്തരം എ.ഐകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ട്,’ കത്തില്‍ പറഞ്ഞു.

ചാറ്റ് ജി.പി.ടിക്ക് കീഴിലുള്ള ഓപ്പണ്‍ എ.ഐ ഈയടുത്ത് ജി.പി.ടി-4 വേര്‍ഷന്‍ റിലീസ് ചെയ്തിരുന്നു. ചിത്രങ്ങള്‍ നല്‍കിയാല്‍ അതിന്റെ വിവരങ്ങള്‍ നല്‍കാനുള്ള കഴിവ് പുതിയ വേര്‍ഷനിലുണ്ട്. ഇത് ലോകമെമ്പാടും ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് ഇത്തരം കത്തുമായി നിരവധി വിദഗ്ദ്ധര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും അതിന്റെ ദൗത്യം അപകടരകമായ അവസ്ഥയില്‍ നിന്ന് പരിണാമപരമായ സാങ്കേതിക വിദ്യകളെ മാറ്റി നിര്‍ത്തുക എന്നതാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാഹ്യ ഉപദേശകനായി മസ്‌കിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ജോലികള്‍ ഓട്ടോമാറ്റഡ് ആകാന്‍ സാധ്യതയുണ്ടെന്നും ഇന്‍വെസ്റ്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. അതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള കത്ത് പുറത്തിറങ്ങിയിട്ടുള്ളത്.

അതേസമയം താല്‍ക്കാലിക നിര്‍ത്തിവെക്കല്‍ മികച്ച തീരുമാനമാണെന്നും എന്നാല്‍ കത്തില്‍ അവ്യക്തതകള്‍ ഉണ്ടെന്നും കോര്‍ണല്‍ സര്‍വകലാശാലയിലെ ഡിജിറ്റല്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ നിയമവിഭാഗത്തിലെ പ്രൊഫസര്‍ ജെയിംസ് ഗ്രിമ്മെല്‍മാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

എന്നാല്‍ കത്തിനോട് ഓപ്പണ്‍ എ.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

content highlight: Artificial Intelligence Crosses Limits; must be suspended for at least six months; Celebrities including Elon Musk with an open letter