സമാനമായ രീതിയില്‍ സ്ത്രീകള്‍ക്ക് കൂടി പങ്കാളിത്തം നല്‍കി ചര്‍ച്ചകളിലൂടെ പുതിയ വ്യക്തി നിയമത്തിന്റെ മാതൃക പൊതു സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചാല്‍ സംഘപരിവാര്‍ അജണ്ടകള്‍ താനേ അപ്രസക്തമാവും. മതവും വിശ്വാസവും കൂടുതല്‍ പ്രസക്തവും ചലനാത്മകവുമാകുന്നത് കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ രീതിയില്‍ പരിഷ്‌കരിക്കപ്പെടുമ്പോഴാണ്. അങ്ങനെ ചെയ്ത കാലത്തായിരുന്നു ഇസ്‌ലാമിക ലോകം ലോകത്തെ നയിച്ചിരുന്നത്.
മുത്വലാഖ് വിധിയോളം ചരിത്രപ്രാധാന്യമുള്ള മറ്റൊരു വിധി സമീപകാലത്തെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മതസ്വാതന്ത്ര്യം എന്ന വിഷയം സജീവമായി ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് മുസ്‌ലിം വ്യക്തിനിയമം കോടതി കയറുന്നതും മുസ്‌ലിം സംഘടനകള്‍ ഒരു വശത്തും മുത്വലാഖിന്റെ ഇരകളായ സ്ത്രീകളും അവരെ പിന്തുണക്കുന്ന സംഘടനകളും മറുവശത്തുമായി പോരാടുന്നത്.
കൃത്യമായ അജണ്ടകളോടെ കാലങ്ങളായി മുസ്‌ലിം വ്യക്തി നിയമം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന സംഘപരിവാര്‍ സര്‍ക്കാറിന്റെ ഇടപെടല്‍ കൂടിയായപ്പോള്‍ പ്രശ്‌നം അങ്ങേയറ്റം വൈകാരികമായി മാറുകയായിരുന്നു.
ബഹുഭാര്യത്തം, നിക്കാഹ് ഹലാല, മുത്വലാഖ് തുടങ്ങിയ വ്യത്യസ്ത പ്രശ്‌നങ്ങള്‍ ബെഞ്ചിനു മുമ്പാകെ വന്നിരുന്നെങ്കിലും മുത്വലാഖ് മാത്രമാണ് പരിഗണനാ വിഷയമായി കോടതി അംഗീകരിച്ചത്. അതില്‍ പോലും മുത്വലാഖ് ഇസ്‌ലാം മത വിശ്വാസത്തിന് മൗലികമാണോ (fundamental to religion), മതമനുസരിച്ച് ജീവിക്കുന്നതിന് നിയമപരമായി നടപ്പില്‍ വരുത്താന്‍ പറ്റുന്ന മൗലികാവകാശമാണോ (enforceable fundamental right to practice religion) എന്നീ കാര്യങ്ങളാണ് പരിഗണിച്ചത്.
പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിയ സംഘടനകളുടെ പ്രധാന വാദം ഇങ്ങനെയായിരുന്നു.
• മുസ്‌ലിം വ്യക്തി നിയമം ദൈവിക കല്‍പനകളായ ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണെന്നും അത് കൊണ്ട് തന്നെ മനുഷ്യര്‍ക്ക് മാറ്റാനോ തിരുത്താനോ അവകാശമില്ല.
• അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നത് ഭരണഘടന നല്‍കുന്ന മതപരമായി ജീവിക്കാനുള്ള അവകാശത്തെ (ആര്‍ട്ടിക്ക്ള്‍ 25) അട്ടിമറിക്കുന്നതാണ്.
• മുസ്‌ലിമായി ജീവിക്കുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് അതിലെ ഏറ്റവും അടിസ്ഥാനപരമോ നിര്‍ബന്ധമോ ആയ കാര്യങ്ങള്‍ മാത്രം ചെയ്യലല്ല. താരതമ്യേന ചെറുതെന്ന് കരുതുന്ന വിഷയങ്ങളിലെ അവകാശമായാലും നിഷേധിക്കാന്‍ പാടില്ല.
• മുത്വലാഖ് ഖുര്‍ആന്‍ അംഗീകരിക്കാത്തതാണെന്നതും അതിലേര്‍പ്പെടുന്നത് പാപമാണെന്നതും ശരിയാണ്. പക്ഷേ പാപമാണെങ്കില്‍ കൂടി നിയമപരമായി സാധുതയുള്ളതാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഇന്ത്യന്‍ മുസ്‌ലിങ്ങളില്‍ ഭൂരിപക്ഷം വരുന്ന ഹനഫിധാര പിന്‍ പറ്റുന്നവര്‍ ഇതില്‍ പെടുന്നു. 1400 വര്‍ഷമായി (ഒരു വിഭാഗമെങ്കിലും) തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കരുതുന്നതിനെ നിരോധിക്കുന്നത് വിശ്വാസ സ്വാതന്ത്രത്തെ നിഷേധിക്കലാണ്.
അതേ സമയം മുത്വലാഖിന്റെ ഇരകളായി വന്നവരും അവര്‍ക്കായുള്ള സന്നദ്ധ സംഘടനകളും വാദിച്ചത് പ്രധാനമായും നാല് കാര്യങ്ങളാണ്.
• മുത്വലാഖ് ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളുടെയോ അടിസ്ഥാന വിശ്വാസ, ആചാരങ്ങളുടേയോ ഭാഗമല്ല. അത് ഖുര്‍ആനോ പ്രവാചകചര്യയോ വഴി അംഗീകരിക്കപ്പെടാത്തതാണ്. മാത്രമല്ല മുത്വലാഖ് ഖുര്‍ആന്റെ അന്തസത്തയോട് യോജിക്കാത്തതും വിവാഹവും വിവാഹ മോചനവുമായി ബന്ധപ്പെട്ട ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും അവര്‍ വാദിച്ചു.
• ഇന്ത്യന്‍ ഭരണഘടന പ്രകാരം വ്യക്തിയുടെ മൗലികാവകാശങ്ങളായി ഗണിക്കപ്പെടുന്ന ആര്‍ട്ടിക്ക്ള്‍ 14, 15, 21 എന്നിവയുമായി യോജിച്ചു പോവാത്തതാണ് മുത്വലാഖ് പോലുള്ള വ്യക്തി നിയമത്തിലെ ഭാഗങ്ങള്‍. അത് കൊണ്ട് തന്നെ ഇതിന് നിയമപരമായി സാധുതയില്ല. ഇത് മൗലികാവകാശങ്ങളുടെ ലംഘനവും ലിംഗത്തിന്റെ പേരിലുള്ള വിവേചനവുമാണ്.
• ലോകത്തെ ബഹുഭൂരിപക്ഷം മുസ്‌ലിം രാജ്യങ്ങളിലും മുത്വലാഖ് നിരോധിച്ചിട്ടുണ്ട്. പലയിടങ്ങളിലും വിവാഹ മോചനം പൂര്‍ണമായും കോടതി വഴിയാണ്.
• മുത്വലാഖ് ലിംഗനീതിയും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ അംഗീകരിച്ച പല അന്താരാഷ്ട്ര കരാറുകളുടേയും ഉടമ്പടികളുടേയും ലംഘനമാണ്.
1937ലെ ശരീഅത്ത് നിയമത്തിന്റെ നിയമപരമായ പദവിയും വിശദമായ വാദ പ്രതിവാദങ്ങള്‍ക്ക് കാരണമായി. ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 13 പ്രകാരം നിര്‍വചിക്കപ്പെട്ട “Law in force ” വിഭാഗത്തില്‍ പെടുമെങ്കില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിന്റെ പേരില്‍ ചോദ്യം ചെയ്യാമെന്നതായിരുന്നു പ്രധാന വാദം.
സന്നദ്ധ സംഘടനയായ ബെബക് കലക്റ്റീവിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നു. മാത്രമല്ല, ഹിന്ദു വ്യക്തി നിയമം അടക്കമുള്ള വിവിധ വ്യക്തി നിയമങ്ങളെ ഇങ്ങനെ മൗലികവകാശ ലംഘനങ്ങളുടെ പേരില്‍ ചോദ്യം ചെയ്യപ്പെടാനുള്ള ആവശ്യങ്ങളില്‍ സുപ്രീം കോടതി പുലര്‍ത്തിയ മൗനമാണ് അടിസ്ഥാന പ്രശ്‌നമെന്നും അവര്‍ വാദിച്ചിരുന്നു. വാദത്തിലുടനീളം പഴയ കോടതി വിധികളോടൊപ്പം ഖുര്‍ആനും ഹദീസും ചര്‍ച്ചയായി.
വിധി ഏകകണ്ഠമോ ഏകപക്ഷീയമോ അല്ല. ചീഫ് ജസ്റ്റിസ് ഖെഹാറും അബ്ദുല്‍ നസീറും തയ്യാറാക്കിയ ന്യൂനപക്ഷ വിധി കൂടാതെ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ഭൂരിപക്ഷ വിധി, ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ലളിതും അംഗീകരിച്ച മൂന്നാമത്തെ ഭൂരിപക്ഷ വിധി എന്നിങ്ങനെ മൂന്നെണ്ണമുണ്ട് മുത്തലാഖുമായി ബന്ധപ്പെട്ട വിധി.
ഖെഹറിന്റെ വിധി ന്യായത്തില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രധാന വാദങ്ങള്‍ പലതും അംഗീകരിക്കപ്പെട്ടതായി കാണാം. മുത്വലാഖ് “ഹനഫീധാരയില്‍ പെട്ട മുസ്‌ലിങ്ങളുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകം(integral) ” ആണെന്ന് ഈ ന്യൂനപക്ഷ വിധിന്യായം പറയുന്നു.
ഖുര്‍ആന്‍ വിരുദ്ധമാണെന്നതോ പ്രവാചകന്‍ വിലക്കിയതാണെന്നതോ ഇതില്‍ പരിഗണിക്കപ്പെട്ടില്ല. 1400 വര്‍ഷത്തോളം ഒരു വിഭാഗം വിശ്വാസത്തിന്റെ ഭാഗമായി സാധുത/അംഗീകാരം നല്‍കാന്‍ ഇക്കാരണങ്ങളൊന്നും പര്യാപ്തമല്ലെന്നതാണ് വാദം, അത് ചെയ്യുന്നത് മതപരമായി പാപമാണെങ്കില്‍ പോലും.
ഇതിന്റെ സാധുതയെ സംബന്ധിച്ച് സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായങ്ങളും സമീപനങ്ങളുമുണ്ടെങ്കിലും തീര്‍ത്തും മതപരവും പ്രമാണ ബന്ധിതവുമായ ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് തീര്‍പ്പ് കല്‍പിക്കാനോ ഏതെങ്കിലുമൊരു വിഭാഗത്തിന്റേത് ശരി/തെറ്റ് ആണെന്ന് പറയാനോ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു.
സമത്വവും തുല്യതയുമായി ബന്ധപ്പെട്ട് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന വാദത്തിനും ഇതില്‍ മറുപടിയുണ്ട്. മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന കാര്യങ്ങളെല്ലാം ബാധകമാവുന്നത് സ്റ്റേറ്റിന്റെ കാര്യങ്ങളിലാണ്. സ്റ്റേറ്റിന്റെ എല്ലാ നിയമങ്ങളും ഇടപെടലുകളും പൗരന്‍മാര്‍ക്ക് തുല്യത ഉറപ്പ് വരുത്താനുദ്ദേശിച്ചുള്ളതാണ് ഇവയെല്ലാം. വ്യക്തി നിയമം ഇതിന്റെ പരിധിയില്‍ പെടില്ല.
1937ലെ ശരീഅത്ത് നിയമം പാസാക്കിയതോടെ “വ്യക്തി നിയമം” എന്ന പദവിയില്‍ നിന്നും “സ്റ്റാറ്റിയൂട്ടി നിയമ” ത്തിന്റെ പദവിയിലേക്ക് വ്യക്തി നിയമം മാറിയെന്ന വാദവും തങ്ങള്‍ അംഗീകരിക്കില്ലെന്ന് ജസ്റ്റിസ് ഖെഹാറും ജസ്റ്റിസ് നസീറും പറയുന്നു. അന്താരാഷ്ട്ര കരാറുകളും ഉടമ്പടികളുമെല്ലാം ഇന്ത്യന്‍ നിയമങ്ങളുമായി ഏറ്റുമുട്ടാത്തിടത്തോളം മാത്രമാണ് പ്രസക്തമെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അത്ഭുതകരമായ കാര്യം ഇക്കാര്യങ്ങളിലെല്ലാം “സ്റ്റാറ്റസ് കോ” അംഗീകരിക്കുന്ന ഇവരുടെ വിധിന്യായവും പക്ഷേ മുത്വലാഖ് റദ്ദാക്കണമെന്നും പുതിയ നിയമം നിര്‍മിക്കണമെന്നും ആവശ്യപ്പെടുന്നുമുണ്ട്.
ഒരു വിഭാഗത്തിന്റെ വിശ്വാസത്തിലെ അവിഭാജ്യ ഘടകമാണെന്ന് കണ്ടെത്തി വിശ്വാസ സ്വാതന്ത്രത്തിന്റെ ഭാഗമായി വിലയിരുത്തുന്ന അതേ നിയമം റദ്ദാക്കണമെന്നാവശ്യപ്പെടുന്നതിലെ യുക്തി വിശദീകരിക്കാന്‍ വിധിന്യായത്തിന് സാധിക്കുന്നില്ല. മറ്റു രാജ്യങ്ങളെ മാതൃകയാക്കി നിയമനിര്‍മാണം നടത്താനാണ് അവര്‍ പറയുന്നത്.
മറ്റു രാജ്യങ്ങളിലെല്ലാം മുത്വലാഖ് നിരോധിച്ചിട്ടുണ്ടെന്നിരിക്കെ അവിടെയെല്ലാം “വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമായ ” മുത്വലാഖിനെ നിരോധിച്ച് വിശ്വാസ സ്വാതന്ത്രത്തെ ഹനിച്ചുവെന്ന് പറയാന്‍ പറ്റുമോ? ജസ്റ്റിസ് ഖേഹറിന്റെ വിധിന്യായം വായിച്ചപ്പോള്‍ രണ്ട് ദിവസം മുമ്പ് വായിച്ച ഒരു ലേഖനത്തിന്റെ തലവാചകം ഓര്‍മ വന്നു “Why JS Khehar was arguably one of the worst Chief Justices of India”
സാകിയ സോമന്‍, ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍
275 പേജുള്ള ഖെഹാറും നസീറും തയ്യാറാക്കിയ ന്യൂനപക്ഷ വിധിന്യായം പോലെയല്ല 25 പേജ് മാത്രമുള്ള ജസ്റ്റിസ് കുര്യന്റെ ഭൂരിപക്ഷ വിധിന്യായം. കൃത്യവും കണിശവുമാണത്. യാക്കൂബ് മേമന്‍ കേസിലും ഈസ്റ്റര്‍ അവധിയുടെ കാര്യത്തിലുമെല്ലാം കാണിച്ച ആര്‍ജവമുള്ള നിലപാട് ഇതിലും കാണാം.
വാദപ്രതിവാദ സമയത്ത് കുര്യന്‍ ചോദിച്ചിരുന്ന കൃത്യമായ ചോദ്യങ്ങളും അഭിപ്രായങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. സ്വാഭാവികമായും അതേ അഭിപ്രായങ്ങള്‍ തന്നെ തന്റെ വിധിന്യായത്തിലും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
1937ലെ ശരീഅത്ത് ആക്റ്റ് മൗലികാവകാശ(ലംഘന)ങ്ങളുടെ പേരില്‍ ചോദ്യം ചെയ്യപ്പെടാമോ എന്ന കാര്യത്തില്‍ ജസ്റ്റിസ് ഖെഹാര്‍/നസീറിനും ജസ്റ്റിസ് നരിമാന്‍/ലളിതിനും ഇടയിലാണ് കുര്യന്റെ നിലപാട്.
ഈ ആക്റ്റ് ത്വലാഖിനെ നിയന്ത്രിക്കുന്ന ഒരു ലെജിസ്ലേഷന്‍ അല്ലെന്ന ഖെഹാറിന്റെ വാദം കുര്യന്‍ അംഗീകരിക്കുന്നു, മറിച്ച് പറഞ്ഞ നരിമാനോട് വിയോജിക്കുന്നു. ആര്‍ട്ടിക്ക്ള്‍ 14മായി യോജിച്ചു പോവുന്നതാണോ എന്ന പരിശോധനക്ക് ഈ നിലക്ക് പ്രസക്തമല്ലെന്ന വാദം കുര്യനും അംഗീകരിക്കുന്നു.
പക്ഷേ ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യമനുസരിച്ചുള്ള ഒരു ലെജിസ്ലേഷനിലും തോന്നിയ പോലെ ചെയ്യാന്‍ ഒരാള്‍ക്ക് സാധിക്കുന്ന രീതിയിലുള്ളതിന് (arbtirary, capricious) സ്ഥാനമില്ലെന്നദ്ദേഹം കൃത്യമായി പറയുന്നു.
In that view of the matter, I wholly agree with the learned Chief Justice that the 1937 Act is not a legislation regulating talaq. Consequently, I respectfully disagree with the stand taken by Nariman, J. that the 1937 Act is a legislation regulatingt riple talaq and hence, the same can be tested on the anvil of Article 14. However, on the pure question of law that a legislation, be it plenary or subordinate, can be challenged on the ground of arbtirariness, I agree with the illuminating exposition of law by Nariman, J. I am also of the tsrong view that the Constitutional democracy of India cannot conceive of a legislation which is arbtirary.
കപില്‍ സിബല്‍
പക്ഷേ കുര്യന്റെ വിധിയിലെ ഏറ്റവും ശ്രദ്ധേയ ഭാഗം മുത്വലാഖ് തള്ളിക്കളയാന്‍ പറഞ്ഞ വാദങ്ങളാണ്. ശരീഅത്ത് നിയമം എന്നറിയപ്പെടുന്ന ഒന്നില്‍ അടിസ്ഥാനപരമായി തന്നെ ഇസ്‌ലാമിക ശരീഅത്ത് തത്വങ്ങള്‍ക്ക് വിരുദ്ധമായ ഒന്നിന് സ്ഥാനമില്ലെന്ന് കുര്യന്‍ സമര്‍ത്ഥിക്കുന്നു.
എന്താണ് ശരീഅത്ത് എന്നതിനെ നിര്‍വചിക്കാനായി പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും നിയമജ്ഞനുമായിരുന്ന ആസഫ് അലി ഫയ്‌സിയെ ആണുദ്ധരിക്കുന്നത്,
“What is morally beautiful that must be done;
and what is morally ugly must not be done. That is
law or Shariat and nothing else can be law……”
എന്താണ് ധാര്‍മികപരമായി ശരിയും തെറ്റുമെന്ന് നിര്‍ണയിക്കാനായി ഇസ്‌ലാമിക രീതിശാസ്ത്ര പ്രകാരമുള്ള സ്രോതസ്സുകളുണ്ട്. അവ ഖുര്‍ആന്‍, ഹദീസ്, ഇജ്മ(ഏകീകൃത വീക്ഷണം), ഖിയാസ് (deductive analogy) എന്നിവയാണ്. പക്ഷേ ഖുര്‍ആന്‍ ദൈവിക വചനമാണ്, മറ്റുള്ളവയൊന്നുമല്ല. അത് കൊണ്ട് ഖുര്‍ആന്‍ വിരുദ്ധമായതൊന്നിനും തന്നെ ഇസ്‌ലാമിക ശരീഅത്തില്‍ നില നില്‍പില്ല.
ഖുര്‍ആന്‍ ഒരു കാര്യം വ്യക്തമായി സൂചിപ്പിച്ചാല്‍ മറ്റ് സ്രോതസ്സുകള്‍ വഴി അതിനെ തള്ളുന്നത് ഖുര്‍ആന്‍ വിരുദ്ധമാണ്. ത്വലാഖിന്റെ കാര്യത്തില്‍ ഖുര്‍ആന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായതാണ് മുത്വലാഖ് സമ്പ്രദായം. പിന്നീട് ഇതുമായി ബന്ധപ്പെട്ട നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ അദ്ദേഹം ഉദ്ധരിക്കുന്നുമുണ്ട്.
ഈ സൂക്തങ്ങളിലൂടെ വ്യക്തമാവുന്ന അനുരജ്ഞനത്തിന്റെയും സാവകാശത്തിന്റെയും സാധ്യതകള്‍ തുറന്നിടുന്ന ഘട്ടം ഘട്ടമായുള്ള രീതിയെ പൂര്‍ണമായും കൊട്ടിയടക്കുന്നതാണ് മുത്വലാഖ് സമ്പ്രദായം. അത് കൊണ്ട് തന്നെ ഖുര്‍ആന്‍ അനുവദിക്കാത്ത മുത്വലാഖ് ഭരണഘടന അനുവദിക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, ഇസ്‌ലാമെന്നത് ഖുര്‍ആന്‍ വിരുദ്ധമാവാനും പാടില്ല. ഭാഗ്യവശാല്‍ ശമീം അരാ കേസില്‍ സുപ്രീം കോടതി ഇതിന് തുടക്കമിട്ടിട്ടുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് വേണ്ടത്. മതത്തില്‍ മോശമായ കാര്യം നിയമത്തിലും അങ്ങനെ തന്നെയാവട്ടെ.
യു.യു ലളിതിന്റെ അംഗീകാരത്തോടെ രോഹിങ്ങ്ടണ്‍ ഫാലി നരിമാനെഴുതിയ മൂന്നാമത്തെ ഭൂരിപക്ഷ വിധിയും മുത്വലാഖിനെതിരാണ്.
കുര്യന്‍ ജോസഫ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചത് മുത്വലാഖിന്റെ ഖുര്‍ആന്‍ വിരുദ്ധതയും അതിന്റെ സ്വാഭാവിക ഫലമായ ശരീഅത്ത് / ഇസ്‌ലാം വിരുദ്ധതയുമായിരുന്നെങ്കില്‍ ഇതിലെ പ്രധാന വാദം ആര്‍ട്ടിക്ക്ള്‍ 14ന്റെ ലംഘനമാണ്. തോന്നിയ പോലെ കാര്യങ്ങള്‍ ചെയ്യാന്‍ അവസരമൊരുക്കുമ്പോള്‍ (arbtirariness) അത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ മുത്വലാഖിന് നിയമസാധുത ഇല്ലെന്നും വിധിന്യായം വിലയിരുത്തി.
ഒരു വിധിന്യായവും arbtirariness ന് അപ്പുറം മൗലികാവകാശങ്ങള്‍ (ഭരണഘടനയുടെ ഭാഗം III ) എങ്ങനെയാണ് ലംഘിക്കപ്പെടുന്നതെന്ന് കൃത്യമായി വിലയിരുത്തുന്നില്ല. സുപ്രധാനമായ ഇക്കാര്യം വാദപ്രതിവാദ സമയത്ത് ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും കൃത്യമായ തീരുമാനം വന്നില്ലെന്ന വിമര്‍ശനമുണ്ട്. മുത്വലാഖിന്റെ ഭരണഘടനാ ലംഘനം കൃത്യമായി വിശദീകരിക്കുന്നില്ലെന്ന അഭിപ്രായവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. അടിസ്ഥാനപരമായി സ്ത്രീകളെ ബാധിക്കുന്ന ഒരു സുപ്രധാന വിഷയം പരിഗണിച്ച ബെഞ്ചില്‍ ഒരു സ്ത്രീപോലും ഇല്ലായിരുന്നു എന്നതും പോരായ്മയാണ് (നമിത് സക്‌സേന, ലൈവ് ലോ)
രാജു രാമചന്ദ്രന്‍
എന്ത് കൊണ്ട് പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ വാദങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു എന്ന് പരിശോധിക്കേണ്ടതുണ്ട്. പേഴ്‌സണല്‍ ലോ ബോര്‍ഡിന് വേണ്ടി കബില്‍ സിബലും ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി രാജു രാമചന്ദ്രനുമായിരുന്നു ഹാജരായത്. ഇരുവരും കഴിവ് തെളിയിച്ച സീനിയര്‍ അഭിഭാഷകരാണ്.
ഭൂരിപക്ഷ വിധിന്യായം പ്രസ്താവിച്ച മൂന്നില്‍ രണ്ട് പേരും ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലകൊണ്ട പശ്ചാത്തലവുമുണ്ട്. അതേ സമയം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളും വാദപ്രതിവാദങ്ങളും വിലയിരുത്തുമ്പോള്‍ മനസ്സിലാവുന്നത് ഇവരുടെ പരിമിതികളാണ്.
ഖുര്‍ആനും പ്രവാചക മാതൃകയുമായും ഒരു നിലക്കും യോജിച്ചു പോവാത്ത ഒരു സമ്പ്രദായത്തെ “മാറ്റാന്‍ പറ്റാത്ത ദൈവഹിതമായ ശരീഅത്ത് ” നിയമമായി അവതരിപ്പിക്കാന്‍ നോക്കിയാലുണ്ടാവുന്ന അനിവാര്യ ദുരന്തമാണ് ലോ ബോര്‍ഡിന് സംഭവിച്ചത്.
പാപമാണെന്ന് അവര്‍ പോലും അംഗീകരിക്കുന്ന ഒന്നിനെ വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നതിലെ പരിഹാസ്യത കോടതിയില്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ചും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍, എല്ലാവരുടേയും പിന്തുണയോടെ ഈ സമ്പ്രദായം നിര്‍ത്തലാക്കപ്പെട്ട ഉദാഹരണം ചൂണ്ടിക്കാണിച്ചപ്പോള്‍ മുത്വലാഖിലൂടെ ശരീഅത്ത് സംരക്ഷിക്കപ്പെടണമെന്ന വാദം അക്ഷരാര്‍ത്ഥത്തില്‍ പൊളിഞ്ഞു.
1937ലെ ശരീഅത്ത് ആക്റ്റ് തന്നെ നിലവിലുള്ള നിയമത്തിലെ ഇസ്‌ലാം വിരുദ്ധമായ വശങ്ങളെ ഒഴിവാക്കി പരിഷ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന വാദത്തിനും മറുപടിയില്ലായിരുന്നു. തീര്‍ത്തും യുക്തി രഹിതവും അങ്ങേയറ്റം സ്ത്രീ വിരുദ്ധവും മാത്രമല്ല പരസ്പര വിരുദ്ധവും കൂടിയായിരുന്നു മുത്വലാഖ് പക്ഷത്തിന്റെ പല വാദങ്ങളും.
ഭാര്യമാരെ ചുട്ട് കൊല്ലുന്നത് പോലുള്ള ദുരന്തങ്ങളൊഴിവാക്കാന്‍ മുത്വലാഖ് ആവശ്യമാണെന്ന സത്യമാങ്മൂലം രാജ്യത്തെ ഞെട്ടിച്ചു. ദൈവിക കല്‍പനയായ ശരീഅത്തില്‍ ഒരു നിലക്കും മാറ്റം സാധ്യമല്ലെന്ന പ്രഖ്യാപിത നിലപാടില്‍ നിന്ന് വാദത്തിന്റെ അന്തിമ ഘട്ടത്തില്‍ മാറ്റങ്ങള്‍ ആവാമെന്നും ഇതിനായി സമുദായത്തിന് സാവകാശം ആവശ്യമാണെന്നുമായി.
പക്ഷേ കാലികമായ ശരീഅത്ത് പരിഷ്‌കരണത്തിനുതകുന്ന സമഗ്ര നിര്‍ദേശങ്ങള്‍ വെക്കുന്നതിന് പകരം അഴകൊഴമ്പന്‍ സമീപനമായിരുന്നു സ്വീകരിച്ചത്. വിവാഹക്കരാറിന്റെ സമയത്ത് മുത്വലാഖില്‍ നിന്ന് പരിരക്ഷ ഉറപ്പു വരുത്തുന്ന വ്യവസ്ഥ വെക്കാന്‍ വധുവിന് അവകാശം നല്‍കാന്‍ സാധ്യമാണോ എന്ന് കോടതി ചോദിച്ചപ്പോഴും വ്യക്തതയോ കൃത്യതയോ ഇല്ലാത്ത മറുപടിയായിരുന്നു ബോര്‍ഡ് നല്‍കിയത്.
അടിസ്ഥാന വാദങ്ങളിലെ ഈ പാളിച്ചകളെ രാഷ്ട്രീയ സാഹചര്യത്തെ കൂട്ടുപിടിച്ചുള്ള വൈകാരിക വാദങ്ങള്‍ കൊണ്ട് മറി കടക്കാനും ശ്രമിച്ചു. ഈയവസരത്തില്‍ കോടതി ഇടപ്പെട്ട് “സിബലെന്ന രാഷ്ട്രീയക്കാരനാണോ സംസാരിക്കുന്നത്? ” എന്ന് ചോദിച്ചത്.
സര്‍ക്കാറാവട്ടെ വളരെ സമര്‍ത്ഥമായാണ് കാര്യങ്ങള്‍ നീക്കിയത്. നിയമ മന്ത്രാലയം സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലത്തില്‍ ശ്രദ്ധ മുത്വലാഖിലെ അവകാശ ലംഘനങ്ങളും മുസ്‌ലിം രാജ്യങ്ങളിലെ ശരീഅത്ത് പരിഷ്‌കരണവും ആയിരുന്നു. എന്നാല്‍ അവസാനഘട്ടമായപ്പോഴേക്കും ത്വലാഖിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ അവരെത്തി.
അവസരം തന്ത്രപരമായി മുതലെടുക്കുന്ന സമീപനമായിരുന്നു വാദത്തില്‍ ഉടനീളം എ.ജിയും സര്‍ക്കാറും സ്വീകരിച്ചത്. ലോ ബോര്‍ഡും മുസ്‌ലിം സംഘടനകളും പിന്തുടരുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പൗരോഹിത്യ നിലപാടുകള്‍ തങ്ങള്‍ക്ക് എന്നും ചൂഷണം ചെയ്യാന്‍ പറ്റിയ അക്ഷയഖനിയാണെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ട്. മീഡിയയുടെ ഭാഗത്ത് നിന്നുള്ള നിര്‍ലോഭമായ പിന്തുണയുള്ളത് കൊണ്ട് കാര്യങ്ങള്‍ എളുപ്പവുമാണ് അവര്‍ക്ക്.
ഈയൊരു സാഹചര്യത്തെ മുസ്‌ലിങ്ങള്‍ എങ്ങനെ നേരിടണമെന്ന ചിന്ത വളരെ പ്രസക്തമാണ്. പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെയും മുസ്‌ലിം സംഘടനകളുടേയും നിലപാട് അതീവ നിര്‍ണായകവുമാണ്. സംഘപരിവാറിന്റെയും മോദിയുടെയും അജണ്ടകള്‍ വ്യക്തമാണ്, അത് ഇല്ലാതാവാനും പോകുന്നില്ല.
ആ അജണ്ടകള്‍ക്ക് അവസരമൊരുക്കി കൊടുക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. അതേ എന്നാണെങ്കില്‍ ഇതേ രീതി തുടര്‍ന്നാല്‍ മതി. മുത്വലാഖിന് പിന്നാലെ ബഹുഭാര്യത്തവും ബാക്കി കാര്യങ്ങളുമെല്ലാം വരും. മറിച്ചാണെങ്കില്‍ ഒരു പുനര്‍ വിചിന്തനത്തിന് തയ്യാറാവണം. കാലികമായി പ്രമാണങ്ങളെ വ്യാഖ്യാനിച്ചും വായിച്ചും ശരീഅത്ത് നിയമം പരിഷ്‌കരിക്കാന്‍ നേതൃത്വം നല്‍കണം.
ഖുര്‍ആന്‍ വിരുദ്ധവും നബിചര്യയോട് നിരക്കാത്തതുമെല്ലാം ഇസ്‌ലാമിന്റെ ലേബലൊട്ടിച്ച് സംരക്ഷിക്കാന്‍ നോക്കുന്ന പരിഹാസ്യമായ ഏര്‍പ്പാട് അവസാനിപ്പിക്കണം. മൊറോക്കോ പോലുള്ള നിരവധി മുസ്‌ലിം രാജ്യങ്ങള്‍ ഉജ്വലമായി ശരീഅത്ത് പരിഷ്‌കരിക്കുകയും ലിംഗ നീതി ഉറപ്പു വരുത്താന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആനും നബിചര്യയും അടിസ്ഥാനമാക്കി ഇസ്‌ലാമിക രീതി ശാസ്ത്രമുപയോഗിച്ച് ഇവര്‍ നടത്തിയ പരിഷ്‌കരണങ്ങള്‍ മാതൃകയാക്കണം.
ഇന്ദിര ജെയ്‌സിങ്
സമാനമായ രീതിയില്‍ സ്ത്രീകള്‍ക്ക് കൂടി പങ്കാളിത്തം നല്‍കി ചര്‍ച്ചകളിലൂടെ പുതിയ വ്യക്തി നിയമത്തിന്റെ മാതൃക പൊതു സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചാല്‍ സംഘപരിവാര്‍ അജണ്ടകള്‍ താനേ അപ്രസക്തമാവും. മതവും വിശ്വാസവും കൂടുതല്‍ പ്രസക്തവും ചലനാത്മകവുമാകുന്നത് കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ രീതിയില്‍ പരിഷ്‌കരിക്കപ്പെടുമ്പോഴാണ്. അങ്ങനെ ചെയ്ത കാലത്തായിരുന്നു ഇസ്‌ലാമിക ലോകം ലോകത്തെ നയിച്ചിരുന്നത്.
കോടതി വിധി ഒരവസരമായെടുത്താല്‍ മതി. സംഘപരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാനോ ശരീഅത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കാനോ ശ്രമിക്കുമെന്ന് കരുതുന്നതില്‍പരം വിഡ്ഡിത്തം വേറെയുണ്ടാവില്ല. പക്ഷേ മുസ്‌ലിം സമൂഹം പരിഷ്‌കരിച്ച ഒരു നിയമത്തിന്റെ മാതൃക പൊതുസമൂഹത്തിന് മുന്നില്‍ അവതരിച്ചാല്‍ തകര്‍ന്നു പോവുന്നതേയുള്ളൂ അവരുടെ അജണ്ടകള്‍.
തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പോരാട്ടത്തില്‍ തോറ്റമ്പിയ കാര്യം ചര്‍ച്ച ചെയ്യാന്‍ 20 ദിവസം കഴിഞ്ഞ് മാത്രമേ യോഗം കൂടുമെന്ന് പറഞ്ഞ ലോ ബോര്‍ഡ് അതിന് നേതൃത്വം നല്‍കുമെന്നോ തങ്ങളുടെ പ്രവര്‍ത്തന ശൈലി മാറ്റുമെന്നോ കരുതാന്‍ പ്രയാസമാണ്.
പക്ഷേ നിരന്തരമായി ഇങ്ങനെയൊരു വിധിക്കായി പോരാടിയ മുസ്‌ലിം സ്ത്രീകളിലും അവര്‍ക്ക് പിന്തുണയര്‍പ്പിച്ച് നിയമ പോരാട്ടം നടത്തിയ ഭാരതീയ മുസ്‌ലീം മഹിളാ ആന്തോളന്‍ പോലുള്ള സംഘടനകളിലും പ്രതീക്ഷയുണ്ട്.
ജസ്റ്റിസ് കുര്യന്‍ ജോസഫ്
യഥാര്‍ത്ഥത്തില്‍ കുര്യന്‍ ജോസഫ് ഉന്നയിച്ചത് പോലുള്ള പല ചോദ്യങ്ങളുമാണ് ശരീഅത്ത് പരിഷ്‌കരണത്തിലേക്ക് മൊറോക്കോ പോലുള്ള രാജ്യങ്ങളെ എത്തിച്ചത്. അവിടെ അതിന് സ്ത്രീകളടക്കമുള്ള മുസ്‌ലിം പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കിയപ്പോള്‍ ഇവിടെ സുപ്രീം കോടതി ജഡ്ജി വേണ്ടി വന്നു എന്നതാണ് വ്യത്യാസം.
ഈ പരിഷ്‌കരണ നടപടികള്‍ മുസ്ലീം വ്യക്തി നിയമത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കേണ്ടതുമല്ല. ഇതര മത വിഭാഗങ്ങളുടെ വ്യക്തി നിയമങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന വിവേചനത്തെ പറ്റി ഇന്ദിരാ ജയ്‌സിംഗ് വാദ പ്രതിവാദ സമയത്ത് തന്നെ പറഞ്ഞിരുന്നു. ഇതൊരു തുടക്കമായെടുത്ത് സമാനമായ മറ്റു വിവേചനങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്. തീര്‍ച്ചയായും ഇതെവിടെ വരെ പോകും എന്ന സന്ദേഹം വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടാവും.
ആ സന്ദേഹത്തെ കൂടി ഉള്‍കൊണ്ട് പരമാവധി അവധാനതയോടും ജൈവികമായും ചെയ്യേണ്ട പ്രക്രിയ ആണിത്. വിശ്വാസത്തെ ഇല്ലാതാക്കാനല്ല കൂടുതല്‍ കൂടുതല്‍ പ്രസക്തമാക്കാനാണ് ഈ പരിഷ്‌കരണങ്ങളെന്ന ബോധ്യം പ്രധാനമാണ്. ആ ബോധ്യത്തെ ശക്തിപ്പെടുത്താത്ത പരിഷ്‌കരണ ശ്രമങ്ങള്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാക്കാനും തീവ്ര ആശയങ്ങള്‍ക്ക് അവസരമൊരുക്കാനും മാത്രമേ ഉതകൂ. ഏറ്റവും ജനാധിപത്യവും സുതാര്യവുമായ രീതിയില്‍ സമുദായങ്ങള്‍ക്കകത്ത്
നിന്ന് തന്നെ പരിഷ്‌കരണ ശ്രമങ്ങള്‍ വരണമെന്നര്‍ത്ഥം.