ന്യൂദല്‍ഹി: മുസ്‌ലിം നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തുന്നുവെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കി തീവ്രഹിന്ദുത്വ സംഘടനകള്‍. ഹരിദ്വാറിലേയും ദല്‍ഹിയിലേയും വിദ്വേഷപ്രസംഗത്തിനെതിരെയുള്ള ഹരജിയെ എതിര്‍ത്തുകൊണ്ടും മുസ്‌ലിം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹിന്ദു സേന, ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഹരിദ്വാറിലെ സന്യാസിമാരുടെ പ്രസംഗം ഹിന്ദു സംസ്‌കാരത്തിനെതിരെയുള്ള അഹിന്ദുക്കളുടെ കടന്നാക്രമണത്തിനുള്ള പ്രതികരണമാണെന്നും വിദ്വേഷ പ്രസംഗമല്ലെന്നും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു.
‘ഹിന്ദു ആത്മീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹരജിക്കാരന്‍ മുസ്‌ലിമാണ്. അതിനാല്‍ ഹിന്ദു ധര്‍മ സന്‍സദിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാനാവില്ല. പകരം എ.ഐ.എം.ഐ.എം നേതാവായ അസദുദ്ദീന്‍ ഉവൈസിയേയും മറ്റ് മുസ്‌ലിം നേതാക്കളേയും വിദ്വേഷ പ്രചരണത്തിന് അറസ്റ്റ് ചെയ്യണം,’ വിഷ്ണു ഗുപ്ത ആവശ്യപ്പെട്ടു.
മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണം പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ പ്രചരണവും പരിശോധിക്കണമെന്ന് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ പ്രചരണത്തിന്റെ 25 ഉദാഹരണങ്ങള്‍ സംഘടന ഉന്നയിച്ചിട്ടുണ്ട്.
ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന മതപരിപാടിയിലായിരുന്നു മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ മുസ്ലിങ്ങള്‍ക്കെതിരെ പോരാടുകയും അവരെ കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുള്‍പ്പെടെ ഹിന്ദു യുവവാഹിനി സംഘടനയുടെ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു.
മുസ്‌ലിങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം വിദ്വേഷ പ്രസംഗങ്ങളും അതിക്രമങ്ങളും ആവര്‍ത്തിക്കുന്നതിനെതിരെ നടപടിയാവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമ ഹിന്ദ് നേതാവ് മൗലാന സയ്യിദ് മഹ്ദമൂദ് അസദ് മദനിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെതിരെയായിരുന്നു തീവ്രഹിന്ദുത്വ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഗുരുഗ്രാമിലെ വെള്ളിയാഴ്ച നമസ്‌കാരം തടസ്സപ്പെടുത്തല്‍, ഹരിദ്വാറിലും ദല്‍ഹിയിലും നടന്ന വംശഹത്യാ ആഹ്വാനങ്ങള്‍, ത്രിപുരയിലെ അതിക്രമം തുടങ്ങി രാജ്യത്തുടനീളം നടന്ന വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മൗലാന സയ്യിദ് മഹ്ദമൂദ് അസദ് മദനി ഹരജി സമര്‍പ്പിച്ചിരുന്നത്.
മുസ്‌ലിങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ നടന്നിട്ടും ഭരണകൂടം നടപടിയെടുത്തില്ലെന്നും കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
ഹരിദ്വാറിലെ വംശഹത്യാ ആഹ്വാനത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ 100 പേരെയാണ് യു.പി പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ അതത് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടിയുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് സുപ്രീം കോടതി തേടണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.