ന്യൂദല്‍ഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യം. 50000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ഹരജി പരിഗണിച്ചത്.
അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.
എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് കോടതി നിരീക്ഷിച്ചു.
‘ എന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ ആ ചാനല്‍ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തില്‍ കോടതി ഇടപെടാതിരുന്നാല്‍ നാം നാശത്തിന്റെ പാതയിലാണെന്നതില്‍ തര്‍ക്കമില്ല,’ ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനാധിപത്യം അസാധാരണമാം വിധം പ്രതിരോധശേഷിയുള്ളതാണെന്ന് പറഞ്ഞ കോടതി ചാനല്‍ ചര്‍ച്ചയിലെ വിവാദങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അവഗണിക്കണമെന്നും കോടതി പറഞ്ഞു.
‘ ഇന്ന് നമ്മള്‍ ഹൈക്കോടതിക്ക് ഒരു സന്ദേശം അയക്കണം.വ്യക്തിപരമായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് ദയവായി നിങ്ങളുടെ അധികാര പരിധി വിനിയോഗിക്കുക,’ ബെഞ്ച് പറഞ്ഞു.
‘സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തികളെ ലക്ഷ്യം വെച്ചാല്‍ പൗരന്‍മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സുപ്രീം കോടതി ഉണ്ടെന്ന് അവര്‍ മനസ്സിലാക്കണം,’ ബെഞ്ച് നിരീക്ഷിച്ചു.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നവംബര്‍ നാലിനാണ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് അര്‍ണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബര്‍ 18 വരെ റിമാന്‍ഡ് ചെയ്തത്.
അതേസമയം, അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്. ഇതിന് പിന്നാലെ് അര്‍ണബിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണറും രംഗത്തെത്തിയിരുന്നു.
അര്‍ണബ് ഗോസ്വാമിയുടെ അടിയന്തര ജാമ്യാപേക്ഷ പരിഗണിക്കാനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തെഴുതി മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ രംഗത്തെത്തിയിരുന്നു.
സമാന കേസുകളില്‍ നിരവധി പേര്‍ ഹരജി ഫയല്‍ ചെയ്ത് തങ്ങളുടെ ഊഴം കാത്തിരിക്കുന്നതിനിടെ അര്‍ണബിന്റെ ഹരജി അടിയന്തരമായി എടുക്കുന്നതിനെയാണ് ദുഷ്യന്ത് ദവെ ചോദ്യം ചെയ്തത്.
കേസില്‍ അര്‍ണബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ അര്‍ണാബ് സമീപിച്ചത്. തുടര്‍ന്ന് ഈ ഹരജി പരിഗണിക്കാന്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ അവധിക്കാല ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
കൊവിഡ് വ്യാപകമായ ഈ സാഹചര്യത്തിലും ആയിരക്കണക്കിന് പൗരന്മാര്‍ ജയിലുകളില്‍ കഴിയുകയാണ്. തങ്ങളുടെ ഹരജികളുമായി മാസങ്ങളോളമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടെയാണ് ഒരു വ്യക്തിയുടെ അപേക്ഷ ഒരു ദിവസം കൊണ്ട് തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയിരുന്നു.