സൗബിന്‍ ഷാഹിര്‍ വിളിച്ചാല്‍ കഥ പോലും കേള്‍ക്കാതെ താന്‍ അഭിനയിക്കാന്‍ പോകുമെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. സൗബിന്‍ വെറുതെയൊരു സിനിമയിലേക്ക് തന്നെ വിളിക്കില്ലെന്നും താനൊരു നല്ല അഭിനേതാവായി മാറാനുള്ള പ്രധാന കാരണം സൗബിനാണെന്നും അര്‍ജുന്‍ പറഞ്ഞു.
പറവ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ഒരു കഥാപാത്രത്തിന് വേണ്ടി എങ്ങനെയാണ് തയാറെടുപ്പ് നടത്തേണ്ടതെന്ന് പറഞ്ഞ് തന്നത് സൗബിനാണെന്നും പിന്നീടുള്ള സിനിമകളില്‍ അത് ഉപകാരപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. ഇത്തരത്തില്‍ സിനിമയെ കുറിച്ചുള്ള പലകാര്യങ്ങളും പഠിച്ചത് സൗബിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണെന്നാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞത്.
‘സൗബിക്ക വിളിച്ചാല്‍ കഥ പോലും കേള്‍ക്കാതെ ഞാന്‍ സിനിമയില്‍ അഭിനയിക്കും. പക്ഷെ അടുത്തിടെ ഒരു സിനിമയില്‍ വിളിച്ചിട്ട് എനിക്ക് പോകാന്‍ കഴിഞ്ഞില്ല. മറ്റൊരു സിനിമയില്‍ ഞാന്‍ ലോക്കായി പോയി. അതിന്റെ ഡേറ്റ് ഞാന്‍ മൂന്ന് മാസത്തേക്ക് കോണ്‍ട്രാക്ടില്‍ സൈന്‍ ചെയ്തിരുന്നു. സൗബിക്കയുടെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റാത്തതിന്റെ വലിയ വിഷമം എനിക്കുണ്ട്.
സൗബിക്ക ഒരിക്കലും എന്നെ വെറുതെ വിളിക്കില്ലെന്നറിയാം. ഞാനൊരു നല്ല അഭിനേതാവായി മാറാനുള്ള മേജര്‍ റീസണ്‍ സൗബിക്ക തന്നെയാണ്. പറവയുടെ ഷൂട്ട് തുടങ്ങുന്നതിന്റെ അവസാനത്തെ മൂന്ന് മാസം എന്നെ വിളിച്ചുവരുത്തി കോസ്റ്റിയൂമൊക്കെ ഇടീച്ച്, റിയല്‍ ലൈഫിലെ ഒരാളെ കാണിച്ചിട്ട് ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് പറഞ്ഞ് തന്നു.
അതൊക്കെ കാണുമ്പോള്‍ തന്നെ നമ്മള്‍ക്ക് കുറേക്കൂടി പ്രിപ്പയര്‍ ചെയ്യാന്‍ കഴിയും. അടുത്തൊരു പരിപാടി ചെയ്യുമ്പോള്‍ എങ്ങനെ തയാറെടുപ്പുകള്‍ നടത്തണമെന്ന് സൗബിക്കയുടെ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ഞാന്‍ പഠിച്ചത്.
ഞങ്ങള്‍ തമ്മിലുള്ള ഒരു കണക്ഷന്‍ എങ്ങനെ ഉണ്ടായതാണെന്ന് പറഞ്ഞ് തരാന്‍ സാധിക്കില്ല. അത് ഫീല്‍ ചെയ്യേണ്ട കാര്യമാണ്. സൗബിക്ക ഭയങ്കര ജനുവിനായിട്ടുള്ള വ്യക്തിയാണ്. നമ്മളും ജനുവിനായി നിന്നാല്‍ മതി അദ്ദേഹവുമായി വളരെ വേഗം കണക്ട് ചെയ്യാന്‍ സാധിക്കും,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
content highlight: arjun ashokan talks about saubin shahir