ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തെരുവുഗുണ്ടയെന്ന് ആരിഫ് മുഹമ്മദ് ഖാന്
Kerala News
ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തെരുവുഗുണ്ടയെന്ന് ആരിഫ് മുഹമ്മദ് ഖാന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 7:34 pm

ന്യൂദല്‍ഹി: ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇര്‍ഫാന്‍ ഹബീബ് ഗുണ്ട എന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവൃത്തിര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ഇര്‍ഫാന്‍ ഹബീബ് ചെയ്തത് തെരുവുഗുണ്ടയുടെ പണിയാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത അക്രമമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ദല്‍ഹിയില്‍വെച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായി എന്നും അദ്ദേഹം ആരോപിക്കുന്നു.

പരാതി നല്‍കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അത് മൂന്ന് വര്‍ഷം മുമ്പ് ആകാമായിരുന്നു. വ്യക്തിപരമായ പ്രശ്‌നമായല്ല ഇതിനെ കാണുന്നത്. വി.സി ക്ഷണിച്ചിട്ടാണ് പരിപാടിക്കെത്തിയത്. സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

കേരളത്തില്‍ ഫേസ്ബുക്ക് പോസ്റ്റിന് വരെ ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ്. ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ല. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

താന്‍ ആര്‍.എസ്.എസിന്റെ ആളാണെന്ന വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. താന്‍ ഒപ്പുവെക്കാതെ ഒന്നും നിയമമാകില്ല. സുപ്രീം കോടതി ഉത്തരവിനും ഭരണ ഘടനക്കും വിരുദ്ധമായ ഒന്നിലും ഒപ്പുവെക്കില്ല. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ എന്നും ബില്ലില്‍ താന്‍ ഒപ്പുവെക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, കണ്ണൂര്‍ വി.സിക്കെതിരായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിമിനല്‍ പരാമര്‍ശത്തെ ചരിത്രകാരന്‍മാര്‍ അപലപിച്ചു. അപകീര്‍ത്തികരവും രാഷ്ട്രീയ പ്രേരിതവുമായ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും, ഗവര്‍ണര്‍ ഇത്തരം ആക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്‍പത് ചരിത്രകാരന്‍മാരും അധ്യാപകരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.