എതിരാളികള്‍ അര്‍ജന്റീനക്കെതിരെ വ്യത്യസ്ത രീതികള്‍ അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല, ബാക്കിയൊക്കെ ഗ്രൗണ്ടില്‍: ലയണല്‍ സ്‌കലോണി
football news
എതിരാളികള്‍ അര്‍ജന്റീനക്കെതിരെ വ്യത്യസ്ത രീതികള്‍ അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല, ബാക്കിയൊക്കെ ഗ്രൗണ്ടില്‍: ലയണല്‍ സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th December 2022, 11:10 pm

നെതര്‍ലാന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് തങ്ങളുടെ ടീം സജ്ജമാണെന്ന് അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണി.

മെസിയെ നേരിടുന്നതുമായി ബന്ധപ്പെട്ട് ഹോളണ്ട് താരങ്ങള്‍ നടത്തിയ പ്രതികരണത്തില്‍, എതിരാളികള്‍ തങ്ങള്‍ക്കെതിരെ വ്യത്യസ്തമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് പതിവ് സംഭവമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കളിക്കളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നാളെ കാണാം. എതിരാളികള്‍ വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്,’ സ്‌കലോണി പറഞ്ഞു.

സൂപ്പര്‍ താരങ്ങളായ ഡി പോളിന്റെയും ഡി മരിയയുടെയും പരിക്കിനെക്കുറിച്ചും സ്‌കലോണി സംസാരിച്ചു.

‘ഡി പോള്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നു. ഡി മരിയയും പരിശീലനത്തിനെത്തിയിരുന്നു.

അവസാനഘട്ട പരിശീലനം നടന്നുവരികയാണ്. അതിന് ശേഷമുള്ള ഗെയിംപ്ലാന്‍ അടിസ്ഥാനമാക്കി ഞങ്ങള്‍ അന്തിമ ഇലവനക്കുറിച്ച് തീരുമാനമെടുക്കും,’ സ്‌കലോണി പറഞ്ഞു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാമത് നടക്കുന്ന മത്സരത്തിലാണ് അര്‍ജന്റീന ഹോളണ്ടിനെ നേരിടുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മത്സരമാണിത്. 2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല.

ഇരുടീമുകളും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറിയ 2014 സെമി ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു. ഇതിന് ശേഷം 2022 ഖത്തറിലെ ക്വാര്‍ട്ടറിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്.

Content Highlight: Argentina coach Lionel Scaloni says his team is ready for the quarter-finals against the Netherlands