Kerala News
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയായ അറബി കോളെജ് അധ്യാപകന്‍ ഒളിവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 21, 03:00 am
Monday, 21st September 2020, 8:30 am

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ കോളെജ് അധ്യാപകന്‍ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയതായാണ് വിവരം.

അറബി കോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയത്.

കോളെജിലെ പതിനേഴുകാരിയായ പെണ്‍കുട്ടിയെയാണ് അധ്യാപകന്‍ ബലാത്സംഗം ചെയ്തത്. വിവരം പുറത്ത് പറയരുതെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ഉടന്‍ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

തുടര്‍ന്ന് പരാതി ചൈല്‍ഡ് ലൈന്‍ കല്‍പകഞ്ചേരി പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇയാള്‍ ഒളിവില്‍പ്പോയത്.

കോളെജിലെ മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 


content highlights: arabic-college-teacher-raped-minor-girl-in-malappuram