മലയാള സിനിമയിൽ നിന്ന് എന്തുകൊണ്ട് ഇത്ര വലിയൊരിടവേള? മറുപടിയുമായി എ.ആർ. റഹ്മാൻ
Film News
മലയാള സിനിമയിൽ നിന്ന് എന്തുകൊണ്ട് ഇത്ര വലിയൊരിടവേള? മറുപടിയുമായി എ.ആർ. റഹ്മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th April 2024, 4:21 pm

തന്റെ സംഗീതത്താല്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച സംഗീത സംവിധായകനാണ് എ.ആര്‍. റഹ്‌മാന്‍. 1992ല്‍ റോജ എന്ന സിനിമക്ക് സംഗീതം നല്‍കിക്കൊണ്ട് കരിയര്‍ ആരംഭിച്ച എ.ആര്‍ റഹ്‌മാന്‍ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി.

പിന്നീട് ഇന്ത്യന്‍ സിനിമാസംഗീതത്തില്‍ എ.ആര്‍ റഹ്‌മാന്റെ മാന്ത്രികതയാണ് കാണാന്‍ സാധിച്ചത്. 30 വര്‍ഷത്തെ സംഗീത ജീവിതത്തില്‍ നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡും, 2009ല്‍ ഓസ്‌കറും നേടി. നീണ്ട ഇടവേളക്ക് ശേഷം റഹ്‌മാന്‍ മലയാളത്തില്‍ കമ്മിറ്റ് ചെയ്ത ചിത്രമാണ് ആടുജീവിതം.

മലയാള സിനിമയിൽ വലിയൊരിടവേള വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് റഹ്മാൻ. എന്തുകൊണ്ടാണ് ഇത്ര വലിയൊരിടവേളയെന്ന് ചോദിച്ചാൽ എന്നാണ് റഹ്മാന്റെ മറുപടി. ഭാഷ നോക്കിയല്ല സിനിമകളുടെ തെരഞ്ഞെടുപ്പെന്നും സംഗീതത്തിന് ആവശ്യമായ കഥാപശ്ചാത്തലം, പ്രൊഡക്ഷൻ യൂണിറ്റ്, ടെക്നിക്കൽ വിഭാഗം എന്നിവയെക്കുറിച്ചെല്ലാം അന്വേഷിച്ചാണ് സിനിമയ്ക്കൊപ്പം സഹകരിക്കുന്നതെന്നും റഹ്‌മാൻ പറഞ്ഞു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തുകൊണ്ട് ഇത്ര വലിയൊരിടവേളയെന്ന് ചോദിച്ചാൽ ഉത്തരമില്ല. നിങ്ങൾ സൂചിപ്പിക്കുമ്പോഴാണ്, മലയാളസിനിമയ്ക്കുവേണ്ടി പാട്ടുകളൊരുക്കിയിട്ട് ഇത്രയധികം കാലമായല്ലോയെന്ന് ഞാൻ ചിന്തിക്കുന്നത്.

ഭാഷ നോക്കിയല്ല സിനിമകളുടെ തെരഞ്ഞെടുപ്പ്. സംഗീതത്തിന് ആവശ്യമായ കഥാപശ്ചാത്തലം, പ്രൊഡക്ഷൻ യൂണിറ്റ്, ടെക്നിക്കൽ വിഭാഗം എന്നിവയെക്കുറിച്ചെല്ലാം അന്വേഷിച്ചാണ് സിനിമയ്ക്കൊപ്പം സഹകരിക്കുന്നത്. ‘ആടുജീവിതം’ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. പലതരത്തിലുള്ള പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിച്ചാണ് മിക്ക മനുഷ്യരും മുന്നോട്ടുപോകുന്നത്.

അതുകൊണ്ട് കഥയും പ്രധാന കഥാപാത്രത്തിൻ്റെ വൈകാരികതലങ്ങളും പ്രേക്ഷകനോട് എളുപ്പം ചേർന്നുനിൽക്കും. ഏറെ താത്പര്യത്തോടെയാണ് ഞാൻ ആടുജീവിതത്തിന്റെ ഭാഗമായത്. ഇതിനുമുൻപ് മലയാളത്തിൽ ചെയ്‌ത ‘യോദ്ധ’യും ‘മലയൻകു ഞ്ഞു’മെല്ലാം മറ്റൊരു തലത്തിൽ സർവൈവൽ ഗണത്തിൽ ഉൾപ്പെടുത്താവുന്ന സിനിമകളാണ്,’ എ.ആർ റഹ്മാൻ പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബ്ലെസിയുടെ ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളിത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ എത്തിയപ്പോള്‍ ഗംഭീര പ്രതികരണങ്ങളാണ് ആദ്യദിനം മുതല്‍ ലഭിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പൃഥ്വിരാജ് എന്ന നടനില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.

ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ പലതും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് ചിത്രം. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: AR Rahman about why he take a break in malayalam movie