Entertainment
രായനില്‍ എനിക്കും ധനുഷിനും ഒരുപോലെ ഇഷ്ടപ്പെട്ട പാട്ട് അതാണ്: എ.ആര്‍ റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 22, 12:17 pm
Monday, 22nd July 2024, 5:47 pm

സിനിമാജീവിതത്തിന്റെ 25ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് ധനുഷ്. നായകനായി അരങ്ങേറിയ താരം പിന്നീട് ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. കരിയറിലെ 50ാം ചിത്രം സ്വന്തമായി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ധനുഷ്.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാനാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നുണ്ട്. ധനുഷ് രചിച്ച് എ.ആര്‍. റഹ്‌മാനും ധനുഷും ചേര്‍ന്ന് ആലപിച്ച പാട്ടിന് വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ചെന്നൈയുടെ മുഖമുദ്രയായ ‘ഗാനാ’ സ്‌റ്റൈലിലുള്ള പാട്ടും ചിത്രത്തിലുണ്ട്. രായനില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതെന്ന് പറയുകയാണ് എ.ആര്‍ റഹ്‌മാന്‍.

‘ഓ രായാ’ എന്ന പാട്ടാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതെന്നും, ധനുഷിനും ഇതേ പാട്ട് തന്നെയാണ് ഇഷ്ടമെന്നും റഹ്‌മാന്‍ പറഞ്ഞു. റോ ആയിട്ടുള്ള, വയലന്‍സ് നിറഞ്ഞ രായനില്‍ ഈയൊരു പാട്ട് മാത്രമാണ് കുറച്ച് ലൈറ്റ് ആയിട്ടുള്ളതെന്നും മനസിനെ വല്ലാതെ ഉലക്കുന്ന പാട്ടാണെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിലാണ് റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്.

‘സിനിമയില്‍ അഞ്ച് പാട്ടുകളാണ് ഉള്ളത്. അതില്‍ ഒരെണ്ണം എഴുതിയത് ധനുഷാണ്. ഞാനും ധനുഷും ചേര്‍ന്നാണ് ആ പാട്ട് പാടിയത്. ഈ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ‘ഓ രായാ’ ആണ്. ഇത്ര ഹെവി ആയിട്ടുള്ള പടത്തില്‍ ആ ഒരു പാട്ട് മനസിനെ മെല്‍റ്റാക്കുന്ന ഒന്നാണ്. ഇത്രയും പാട്ടിനിടയില്‍ അത് മാത്രം സ്‌പെഷ്യലായിട്ടാണ് എനിക്ക് തോന്നുന്നത്,’ റഹ്‌മാന്‍ പറഞ്ഞു.

ധനുഷിനെക്കൂടാതെ എസ്.ജെ. സൂര്യ, കാളിദാസ് ജയറാം, സന്ദീപ് കിഷന്‍, അപര്‍ണ ബാലമുരളി, ദുഷാരാ വിജയന്‍, സെല്‍വരാഘവന്‍, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിര തന്നെ രായനില്‍ അണിനിരക്കുന്നുണ്ട്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: AR Rahman about his favorite song in Raayan movie