'എന്നെ രാഷ്ട്രപതിയാക്കണം'; ഹരജിയുമായി യുവാവ് സുപ്രീം കോടതിയിൽ
national news
'എന്നെ രാഷ്ട്രപതിയാക്കണം'; ഹരജിയുമായി യുവാവ് സുപ്രീം കോടതിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd October 2022, 9:58 am

ന്യൂദൽഹി: തന്നെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി നൽകി യുവാവ്. കിഷോർ ജഗന്നാഥ് സാവന്ത് എന്നയാളാണ് സുപ്രീം കോടതിയിൽ വിചിത്ര ഹരജിയുമായി എത്തിയത്. അടുത്തിടെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ സമ്മിതിച്ചില്ലെന്നും ഹരജിക്കാരൻ കോടതിയോട് പരാതിപ്പെട്ടു.

അതേസമയം ഹരജി അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി. ഇന്ത്യൻ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി.

ഭാവിയിൽ ഈ വിഷയത്തിൽ അദ്ദേഹത്തിൻറെ ഒരു ഹരജിയും പരി​ഗണിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.

പരിസ്ഥിതി പ്രവർത്തകൻ എന്നാണ് ജ​ഗന്നാഥ് സ്വയം വിശേഷിപ്പിക്കുന്നത്. സാധാരണ​ഗതിയിൽ പോലും താൻ പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെടാറുണ്ടെന്നും അതിനാൽ തന്നെ രാഷ്ട്രപതിയാക്കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.

ഹരജിക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. കോടതിയുടെ നടപടിക്രമങ്ങളുടെ ദുരുപയോഗമാണ് ഹരജിയെന്ന് ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത്തരം ഹരജികളുമായി എത്തിയ വ്യക്തി കോടതിയെ അപകീർത്തിപ്പെടുകയാണ് ചെയ്തതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

2022ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അനിഷേധ്യ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പരിഗണിക്കുന്നതിനുള്ള നിർദേശങ്ങൾ, ഇന്ത്യൻ പ്രസിഡന്റായി നിയമിക്കുന്നതിനുള്ള നിർദേശം, 2004 മുതൽ മുൻ രാഷ്ട്രപതിമാർക്ക് നൽകിയ ശമ്പളം നൽകുന്നതിനുള്ള നിർദേശം എന്നിങ്ങനെ മൂന്ന് ‘പ്രധാന’ പോയിന്റുകളാണ് ഹരജിയിൽ ഉൾപ്പെടുത്തിയിരുന്നത്.

കേസ് രാജ്യത്തെ ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാന ധർമചിന്തയെ പുനർനിർവചിക്കുമെന്ന് കരുതുന്നു എന്നായിരുന്നു ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചത്. രാജ്യത്തെ പൗരനെന്ന നിലയിൽ സർക്കാർ നയങ്ങളെയും നടപടിക്രമങ്ങളെയും എതിർക്കാൻ തനിക്ക് എല്ലാ വിധ അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹരജിക്കാരന്റെ വാദം കോടതി അം​ഗീകരിച്ചെങ്കിലും നിസാരമായ ഹരജികൾ കോടതിയിൽ ഹാജരാക്കാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി.

നിങ്ങൾക്ക് പുറത്ത് റോഡിൽ നിൽക്കുകയും പ്രസംഗിക്കുകയും ചെയ്യാം, പക്ഷേ നിങ്ങൾക്ക് കോടതിയിൽ വന്ന് അത്തരം നിസാര ഹരജികളിൽ നൽകി പൊതു സമയം ചെലവഴിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlight: Appoint me as the president of India; young man filed a petition in the Supreme Court