ചാര്‍ജറില്ലാതെ ഐഫോണ്‍ വില്‍ക്കേണ്ട; ഫ്രാന്‍സിന് പിന്നാലെ നിലപാട് കടുപ്പിച്ച് ബ്രസീലും
techd
ചാര്‍ജറില്ലാതെ ഐഫോണ്‍ വില്‍ക്കേണ്ട; ഫ്രാന്‍സിന് പിന്നാലെ നിലപാട് കടുപ്പിച്ച് ബ്രസീലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2020, 8:49 pm

ആപ്പിളിന്റെ പുതിയ ഐഫോണ്‍ സീരീസായ ഐഫോണ്‍ 12ന്റെ കൂടെ ചാര്‍ജര്‍ ഇല്ലാതെ ഉത്പന്നം രാജ്യത്ത് വില്‍ക്കേണ്ടെന്ന് ബ്രസീല്‍. ഇതോടെ ബ്രസീലില്‍ ആപ്പിള്‍ ചാര്‍ജറും അഡാപ്റ്ററും നല്‍കാന്‍ തയ്യാറാകുമെന്നാണ് സൂചന.

നേരത്തെ ആക്‌സസറീസ് ഒഴിവാക്കിയ ഐഫോണ്‍ കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിന്റെ പ്രാദേശിക നിയമത്തിന് വിധേയമായി രാജ്യത്ത് വില്‍പന ചെയ്യുന്ന ഐഫോണുകള്‍ക്കൊപ്പം ഇയര്‍ ഫോണുകള്‍ കൂടി നല്‍കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇതിന് സമാനമായ സാഹചര്യമാണ് ബ്രസീലിലും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഐഫോണ്‍12, ഐഫോണ്‍ 11 ഐഫോണ്‍ എക്‌സ് ആര്‍ എന്നിവയ്‌ക്കൊപ്പം യു.എസ്.ബി കേബിളും പവര്‍ അഡാപ്റ്ററും കൂടി നല്‍കണമെന്ന വാര്‍ത്ത ബ്രസീലിലെ പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചാര്‍ജറുകള്‍ വ്യാപകമായാല്‍ പരിസ്ഥിതിക്ക് പ്രശ്‌നമാകുമെന്ന് പറഞ്ഞാണ് ആപ്പിള്‍ ഐഫോണിന്റെ അഡാപ്റ്ററുകള്‍ നീക്കം ചെയ്തത്. എന്നാല്‍ ആപ്പിളിന്റെ ഈ വാദം തൃപ്തികരമല്ലെന്നുമാണ് ബ്രസീലിലെ കോടതി നിരീക്ഷിച്ചത്. ചാര്‍ജര്‍ ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്‌സസറിയാണെന്നും അത് ഉപഭോക്താവിന് നല്‍കണമെന്നുമാണ് കോടതി നരീക്ഷിച്ചത്. ബോക്‌സില്‍ നിന്ന് ചാര്‍ജറുകള്‍ നീക്കം ചെയ്യുമെന്നതിന് ആപ്പിള്‍ മതിയായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

തീരുമാനത്തോട് ആപ്പിള്‍ അടുത്ത ദിവസം തന്നെ പ്രതികരണം അറിയിക്കണം. അല്ലാത്തപക്ഷം കമ്പനിക്ക് ബ്രസീലില്‍ പിഴ നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ഈ തീരുമാനം സാവോ പോളോ സ്‌റ്റേറ്റിന് മാത്രമുള്ളതാണെങ്കിലും ബ്രസീലില്‍ വിതരണം ചെയ്യുന്ന ഐഫോണുകളില്‍ ചാര്‍ജറും അഡാപ്റ്ററും ഉള്‍പ്പെടുത്തണമെന്നും കോടതി ആപ്പിളിനെ അറിയിച്ചിട്ടുണ്ട്.

ഫ്രാന്‍സും ബ്രസീലും പിന്തുടര്‍ന്ന തീരുമാനം മറ്റു രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ ഐഫോണിന് കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരിക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Apple forced to ship iPhone 12 series with power adapter in Brazil