പ്രധാമന്ത്രിയോടൊപ്പം വേദി പങ്കിടാനായത് അഭിമാനമുള്ള കാര്യമാണെന്ന് അപര്‍ണ ബാലമുരളി. 2018 സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. കേരള മുഖ്യമന്തിയോടൊപ്പം താന്‍ രണ്ട് തവണ വേദി പങ്കിട്ടുണ്ടെന്നും അന്നൊന്നുമില്ലാത്ത ചോദ്യമാണ് പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ടപ്പോള്‍ നേരിടേണ്ടി വന്നതെന്നും അപര്‍ണ പറഞ്ഞു.
‘എനിക്കിപ്പോള്‍ 27 വയസായി. ഈ ഇരുപതുകളില്‍ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ അവസരം കിട്ടിയാല്‍ എന്നെ വിമര്‍ശിക്കുന്നവരടക്കം പോയി പങ്കെടുക്കും. എന്നെ സംബന്ധിച്ച് പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുക എന്നതായിരുന്നു പ്രധാനപ്പെട്ട കാര്യം. എന്റെ ചുറ്റുമുള്ളവര്‍ പറയുമ്പോഴാണ് ഇത് ഇത്ര വലിയ വിവാദമായെന്ന് ഞാന്‍ അറിയുന്നത്.
ഇവിടെ ഒന്നിലേറെ തവണ മുഖ്യമന്ത്രിയോടൊപ്പം ഞാന്‍ വേദി പങ്കിട്ടുണ്ട്. അപ്പോഴൊന്നും ആര്‍ക്കും ചോദ്യങ്ങളുണ്ടായിരുന്നില്ല. അന്ന് ഞാന്‍ ഏത് പാര്‍ട്ടിയിലാണെന്നും ആരും ചോദിച്ചിരുന്നില്ല. എന്ത് കൊണ്ടാണ് പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ടപ്പോള്‍ ഈ ചോദ്യങ്ങള്‍ വന്നു എന്നതാണ് എനിക്ക് മനസിലാകാത്തത്.
പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം 30 വയസിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പവും കേരള മുഖ്യമന്ത്രിയോടൊപ്പവും വേദി പങ്കിടാന്‍ പറ്റി എന്നത് അടുത്ത തലമുറക്ക് വളരെ അഭിമാനത്തോട് കൂടി കാണിച്ചു കൊടുക്കാനുള്ള ഒരു കാര്യമാണ്. അതില്‍ എനിക്ക് രാഷ്ട്രീയമൊന്നുമില്ല. ആള്‍ക്കാര്‍ക്ക് പറയാനുള്ളത് പറയാം. നമുക്ക് ആരുടെയും വായടപ്പിക്കാന്‍ പറ്റില്ലല്ലോ. എന്നെ സംബന്ധിച്ച് പ്രധാനമന്ത്രിക്കൊപ്പവും മുഖ്യമന്ത്രിക്കൊപ്പവും വേദി പങ്കിടാന്‍ പറ്റിയത് വലിയ അഭിമാനമുള്ള കാര്യമാണ്,’ അപര്‍ണ ബാലമുരളി പറഞ്ഞു.
content highlights: Aparna balamurali’s explanation on sharing the stage with the Prime Minister