തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ അന്വേഷണസംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബരഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി പൊലീസിന് കാണിച്ചുകൊടുത്തിരുന്നു.
പരാതിക്കാരിയുടെ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോധ്യപ്പെടാനുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി.
പീഡനം നടന്നെന്ന് പറയുന്ന മുറി അന്നേ ദിവസം അനില്‍കുമാര്‍ താമസിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തെളിവ് ശേഖരിക്കുകയാണ് നിലവില്‍ പൊലീസ്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സോളാര്‍ കേസില്‍ വീണ്ടും അന്വേഷണവും ചോദ്യം ചെയ്യലും ഊര്‍ജ്ജിതമാകുന്നത്. അതേസമയം തദ്ദേശതെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കവേ യു.ഡി.എഫ് നേതാവിനെ പീഡനക്കേസില്‍ ചോദ്യം ചെയ്യുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക