തിരുവനന്തപുരം: നിരന്തര ആരോപണങ്ങളിലൂടെ ഇടതു സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്‍വറിന്റെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും അന്‍വര്‍ നിലപാട് തിരുത്തണമെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അന്‍വര്‍ മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അന്‍വര്‍ നിരന്തരം മാധ്യമങ്ങളെ കാണുന്നതില്‍ പാര്‍ട്ടിക്ക് വിയോജിപ്പുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
‘പി.വി. അന്‍വര്‍ എം.എല്‍.എ സ്വീകരിച്ച് നിലപാടുകള്‍, ശത്രുകള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെതിരെയും ആക്രമിക്കാനുള്ള ആയുധമായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നിലപാടുകളില്‍ നിന്ന് അന്‍വര്‍ പിന്‍തിരിയണം. പി.വി.അന്‍വര്‍ എം.എല്‍.എയുടെ ഇത്തരം നിലപാടുകളോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ല,’പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു ഇടതുപക്ഷ എം.എല്‍.എ എന്ന ബോധം പി.വി. അന്‍വറിന് വേണമെന്നും ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വറിന്റേത് ഇടതുപക്ഷ വഴിയല്ലെന്നും പി. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അന്‍വര്‍ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സാധാരണ രീതിയില്‍ ചെയ്യാന്‍ പാടുള്ള കാര്യമല്ല അന്‍വര്‍ ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്.
പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്.