ആന്റണി വര്‍ഗീസ് പെപ്പെ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ബോക്‌സിങ് ചിത്രമാണ് ദാവീദ്. ദീപു രാജീവനും ഗോവിന്ദ് വിഷ്ണുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ സിനിമ ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്.
ആക്ഷന്‍ ഴോണറില്‍ എത്തുന്ന ദാവീദില്‍ ആഷിഖ് അബു എന്ന കഥാപാത്രമായാണ് പെപ്പെ എത്തുന്നത്. സിനിമക്കായി വലിയ രീതിയില്‍ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു നടന്‍ നടത്തിയത്. ഫെബ്രുവരി 14നാണ് ഈ സിനിമ തിയേറ്ററില്‍ എത്തുന്നത്.
അപര്‍ണയുടെ അണ്‍ഫിള്‍ട്ടേര്‍ഡ് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയില്‍ എപ്പോഴെങ്കിലും ഇടി കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് പെപ്പെ.
‘ബോക്‌സിങ്ങിന്റെ ഇടയില്‍ ഇടിയൊക്കെ കിട്ടും. നമ്മളെ ശരിക്കും ഇടിക്കും. കൃത്യമായിട്ട് ഒന്ന് കിട്ടിയാല്‍ പണി പാളും, നോക്കൗട്ട് ആയിപോകും. പക്ഷെ സിനിമയിലെ ഫൈറ്റെന്ന് പറയുമ്പോള്‍ കൊറിയോഗ്രാഫിയാണ്. കൂടെ കുറേയൊക്കെ കണ്‍ട്രോള്‍ഡുമാകും.
അതേസമയം കണ്‍ട്രോള്‍ ഇല്ലെങ്കില്‍ സംഗതി തീരും. നമ്മള്‍ ബോധം കെട്ടുപോകും. എനിക്ക് അങ്ങനെ ദാവീദിന്റെ ഫൈറ്റിന്റെ ഇടയില്‍ മൂക്കിനിട്ട് ഒരു പഞ്ച് കിട്ടിയിരുന്നു. മൂക്കിന് നേരെ വന്ന പഞ്ച് ഞാന്‍ ബ്ലോക്ക് ചെയ്യേണ്ടതായിരുന്നു.
പക്ഷെ എന്നെ കൊണ്ട് അത് ബ്ലോക്ക് ചെയ്യാന്‍ പറ്റിയില്ല. മൂക്കിന് ഇടി കിട്ടിയതും ഞാന്‍ ഓടി. കാരണം അത്രയും വേദനയുണ്ടായിരുന്നു. വേദന കാരണം കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുകയായിരുന്നു. എന്തോ ഭാഗ്യത്തിന് മൂക്കില്‍ നിന്ന് ചോരയൊന്നും വന്നിരുന്നില്ല. കുറച്ചുനേരം നിന്നതും എനിക്ക് റിലേ കിട്ടി.
അതുപോലെ തന്നെ പ്രാക്ടീസ് സെക്ഷനിലെ ഒരു പയ്യന് എന്റെ കയ്യില്‍ നിന്ന് അറിയാതെ പഞ്ച് കിട്ടിയിരുന്നു. കുറച്ച് നേരത്തേക്ക് അവന്റെ റിലേ പോയി. പിന്നെ പതിയെ അത് ശരിയായി വരണം. അങ്ങനെ ഇടക്കൊക്കെ നമുക്ക് ഇടി കിട്ടാന്‍ സാധ്യതയുണ്ട്,’ ആന്റണി വര്‍ഗീസ് പെപ്പെ പറഞ്ഞു.
Content Highlight: Antony Varghese Peppe Talks About Daveed Movie