തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ 650 കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടി ഇറക്കുമെന്ന് മന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ട് വര്‍ഷത്തേക്ക് ഒഴിവാക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനകം ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ ബസുകള്‍ റിപ്പയര്‍ ചെയ്ത് ഫിറ്റ്നസ് പരിശോധനയും ട്രയല്‍ റണ്ണും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും നേരിട്ടും ഓണ്‍ലൈനായും പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘വിദ്യാര്‍ത്ഥികളെ കയറ്റുവാന്‍ മടി കാണിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയും മോട്ടോര്‍ വാഹന വകുപ്പും കര്‍ശനമായി ഇടപെടും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടി ഓടിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും,’ ആന്റണി രാജു പറഞ്ഞു.
സ്‌കൂള്‍ അധികൃതരും ബസ് ജീവനക്കാരും കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് ഇന്ത്യയില്‍ ആദ്യമായി സ്റ്റുഡന്റ്സ് ട്രാന്‍സ്പോര്‍ട്ട് പ്രോട്ടോക്കോള്‍ സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പുകളുടെ സൗകര്യം ഉപയോഗിക്കാം കൊവിഡിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ബോണ്ട് സര്‍വ്വീസുകള്‍ ആവശ്യപ്പെടുന്ന സ്‌കൂളുകള്‍ക്ക് നല്‍കും. ദൂരവും ട്രിപ്പുകളും പരിഗണിച്ച് പ്രത്യേക നിരക്കിലായിരിക്കും സര്‍വ്വീസ് നടത്തുക. സ്‌കൂള്‍ ബസുകളേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത മാസത്തോടെ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സെപ്റ്റംബര്‍ 30 വരെയുള്ള സ്‌കൂള്‍ വാഹനങ്ങളുടെ നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു.
അതേസമയം, നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യ ബസുടമകള്‍. ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണമെന്നും ആവശ്യമുണ്ട്. ബസുടമകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.