മറ്റൊരു കഥയാണെങ്കിലും പേര് ലൂസിഫർ എന്നായിരുന്നു, അന്നത് സംവിധാനം ചെയ്യാനിരുന്നത് രാജേഷ് പിള്ളയും: ആന്റണി പെരുമ്പാവൂർ
Entertainment
മറ്റൊരു കഥയാണെങ്കിലും പേര് ലൂസിഫർ എന്നായിരുന്നു, അന്നത് സംവിധാനം ചെയ്യാനിരുന്നത് രാജേഷ് പിള്ളയും: ആന്റണി പെരുമ്പാവൂർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 8:30 pm

മലയാളത്തിൽ നിരവധി വിജയചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷൻ ഹൗസാണ് ആശീർവാദ് സിനിമാസ്. നരസിംഹം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ ചിത്രത്തിലൂടെ ആരംഭിച്ച ആശീർവാദ് സിനിമാസ് രസതന്ത്രം, ദൃശ്യം, സ്പിരിറ്റ്‌ തുടങ്ങിയ മികച്ച ചിത്രങ്ങളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

മലയാളത്തിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആശിർവാദ് സിനിമാസ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. മോഹൻലാൽ ആരാധകരടക്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ.

ലൂസിഫർ എന്ന ചിത്രം സംഭവിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. വർഷങ്ങൾക്ക് മുമ്പ് തന്നെ മുരളി ഗോപി ആശിർവാദ് ഫിലിംസിനായി ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നുവെന്നും അന്ന് രാജേഷ് പിള്ളയായിരുന്നു ചിത്രത്തിന്റെ സംവിധായകനെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. എന്നാൽ അത് മുടങ്ങിപ്പോയെന്നും പിന്നീട് മുരളിയിൽ നിന്ന് കഥ കേട്ട പൃഥ്വിരാജ് താൻ ഈ ചിത്രം ചെയ്യാമെന്ന് പറഞ്ഞെന്നും ആന്റണി പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വർഷങ്ങൾക്ക് മുമ്പ് മുരളി ഗോപി ആശിർവാദിന് വേണ്ടി ഒരു സിനിമ ചെയ്യാമെന്നേറ്റിരുന്നു. കഥ വേറെയാണെങ്കിലും അന്ന് സിനിമയ്ക്ക് ലൂസിഫർ എന്ന പേരാണ് മുരളി ഇട്ടത്. രാജേഷ് പിള്ളയായിരുന്നു ആ ചിത്രത്തിൻ്റെ സംവിധായകൻ. പലകാരണങ്ങളാൽ ആ സിനിമ വൈകിപ്പോയി. ഹൈദരാബാദിൽ പൃഥിരാജിൻ്റെ ടിയാൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ മുരളി ഗോപി എന്നെ വിളിച്ചു ചോദിച്ചു, അണ്ണാ ഈ സിനിമ ആരെവെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടിയെന്ന്.

അതൊന്നും തിരുമാനിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞു. ചിത്രത്തിൻ്റെ കഥ സെറ്റിൽവെച്ച് പൃഥിരാജിനോടു പറഞ്ഞപ്പോൾ, ഈ പടം അവൻ സംവിധാനം ചെയ്യട്ടെ എന്നു ചോദിച്ചു. ഞാൻ എന്താ പറയേണ്ടതെന്ന് മുരളി ചോദിച്ചു.
എനിക്ക് പെട്ടെന്ന് മറുപടി പറയാൻ കഴിഞ്ഞില്ല. ഞാൻ ഉടനെ ലാൽസാറിനെ വിളിച്ച് ഈ കാര്യം പറഞ്ഞു. അത് കൊള്ളാലോ. രാജു പടം ഡയറക്ട് ചെയ്യാൻ പോകാണോ? നമുക്ക് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസംതന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി, ആ പ്രോജക്ടിനെക്കുറിച്ച് ധാരണയാക്കി. മോഹൻലാലിന്റെ വലിയ ഫാൻ ഞാനാണെന്നാണ് ഇതുവരെയും ധരിച്ചിരിക്കുന്നത്. ലൂസിഫർ കണ്ടപ്പോൾ മനസിലായി, എന്നെക്കാൾ വലിയ ഫാൻ പൃഥിരാജായിരുന്നെന്ന്. എമ്പുരാൻ്റെ കഥയെഴുതിവന്നപ്പോൾ ഇതിനൊരു മൂന്നാം ഭാഗത്തിന് സാധ്യതയുണ്ടെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്. ദൈവം സഹായിച്ചാൽ അതും നടക്കും,’ആന്റണി പെരുമ്പാവൂർ പറയുന്നു.

 

Content Highlight: Antony Perumbavoor About A Project Of Ashirvadh Cinemas