ബീജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പ്രതിനിധികളുമായി യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ വിമര്‍ശനവുമായി ചൈന.
ചൈനയുടെ ഭാഗമാണ് ടിബറ്റെന്നും ആ പ്രദേശത്തിന്റെ സ്വാതന്ത്ര്യവാദത്തെ പിന്തുണയ്ക്കുന്ന നടപടി ശരിയല്ലെന്നും ചൈനീസ് വൃത്തങ്ങള്‍ പറഞ്ഞു.
ബുധനാഴ്ചയാണ് ദലൈലാമയുടെ അനുയായികളുമായി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തിയത്. ചൈനയുടെ നിയന്ത്രണത്തില്‍ നിന്നും ടിബറ്റിനെ സ്വതന്ത്രമാക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു കൂടിക്കാഴ്ച.
ദലൈലാമയുടെ അനുയായിയായ ഗോദപ് ഡോംഗ് ചോങുമായാണ് ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തിയത്.
ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച ബ്ലിങ്കണ് നന്ദി അറിയിച്ച് ഡോംഗ്‌ചോങ് രംഗത്തെത്തിയതും ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്.
ടിബറ്റിന്റെ ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ചൈനയാണ്. അത് ചൈനയുടെ ആഭ്യന്തരകാര്യമാണ്. വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ അനുവദിക്കാന്‍ കഴിയില്ല,’ എന്നാണ് ചൈനീസ് വിദേശകാര്യ വക്താവായ സാവോ ലീജിയന്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചത്.
ദലൈലാമ ഒരു മതവിഭാഗത്തിന്റെ ആത്മീയ ആചാര്യന്‍ മാത്രമാണെന്നും ചൈനയ്‌ക്കെതിരെ അദ്ദേഹം നടത്തുന്ന പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ലീജിയന്‍ വ്യക്തമാക്കി. ടിബറ്റിനെ ചൈനയില്‍ നിന്നും വിഭജിക്കാനുള്ള ദലൈലാമയുടെ നീക്കത്തെ ഏതുവിധേനയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
1959ല്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായെത്തിയ ദലൈലാമ 60 വര്‍ഷമായി രാജ്യത്താണ് കഴിയുന്നത്. 1950ല്‍ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്തിന് ശേഷം 86കാരനായ ദലൈലാമയെ ചൈന വിഘടനവാദിയായാണ് കാണുന്നത്.