national news
ജെ.എന്‍.യുവിലെ ദേശദ്രോഹികളെ ബി.ജെ.പി സര്‍ക്കാര്‍ അഴികള്‍ക്കുള്ളിലാക്കുക തന്നെ ചെയ്യും; 'മാവോയിസ്റ്റുകള്‍'ക്കു വേണ്ടി പ്രതിപക്ഷം വാവിട്ടു കരയുന്നെന്നും അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 29, 02:49 am
Saturday, 29th September 2018, 8:19 am

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ “ദേശദ്രോഹ” മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരെല്ലാം ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ അഴികള്‍ക്കുള്ളിലാകുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. “മാവോയിസ്റ്റുകള്‍”ക്കെതിരെ നടപടിയെടുക്കുന്നതിനെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമെന്നും, തങ്ങള്‍ നയിക്കുന്ന സര്‍ക്കാര്‍ ദല്‍ഹിയില്‍ വന്നാല്‍ ഇതായിരിക്കില്ല അവസ്ഥ എന്നുമാണ് ഷായുടെ പ്രസ്താവന.

ഭീമാ-കൊറേഗാവ് അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ്. ജാതീയതയുടെ വിഷം പരത്താനും പ്രധാനമന്ത്രിയെ ആക്രമിക്കാനും ശ്രമിച്ചവരെയാണ് ബി.ജെ.പി സര്‍ക്കാര്‍ പിടികൂടിയിട്ടുള്ളത്. കോണ്‍ഗ്രസും മമതയും കെജ്‌രിവാളും ചന്ദ്രബാബു നായിഡുവുമെല്ലാം ഇവര്‍ക്കുവേണ്ടി വാവിട്ടു കരയുകയാണ് – ഷാ പറയുന്നു.

 

Also Read: സന്യാസികളാണ് രാജ്യത്ത് പുരോഗതി കൊണ്ടുവന്നത്; ഫത്‌വകള്‍ക്ക് രാജ്യത്തെ മുന്നോട്ടു നയിക്കാനാവില്ലെന്നും യോഗി ആദിത്യനാഥ്

 

“നക്‌സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണോ വേണ്ടയോ എന്നാണ് ഞാന്‍ നിങ്ങളോടു ചോദിക്കുന്നത്” ഷാ കൂട്ടിച്ചേര്‍ത്തു. അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയതിനാല്‍ മാത്രമുണ്ടായ അറസ്റ്റല്ല മനുഷ്യാവകാശ പ്രവര്‍ത്തകരുടേതെന്നും, അതിനാല്‍ ഉടന്‍ തന്നെ വിട്ടയയ്ക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരായ മുദ്രാവാക്യങ്ങള്‍ ജെ.എന്‍.യുവില്‍ ഉയരുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് മുഖ്യമന്ത്രി കെജ്‌രിവാളിനെ വേദനിപ്പിക്കുന്നുമുണ്ട്. കോണ്‍ഗ്രസായാലും ആം ആദ്മിയായാലും ഇത് ശ്രദ്ധിച്ചോളൂ, ബി.ജെ.പി സര്‍ക്കാര്‍ അവരെ ജയിലിലടയ്ക്കുക തന്നെ ചെയ്യും. ഞങ്ങള്‍ അവരെ വെറുതെ വിടുകയില്ല, ഷാ കൂട്ടിച്ചേര്‍ത്തു.

2019ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിനു ശേഷം ഒരു അനധികൃത കുടിയേറ്റക്കാരനും രാജ്യത്ത് സ്ഥാനമുണ്ടായിരിക്കല്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ കുടിയേറ്റക്കാരെയും തിരിച്ചറിഞ്ഞ് രാജ്യത്തിനു പുറത്താക്കുമെന്നാണ് പരാമര്‍ശം.