മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പുല്‍വാമ ഭീകരാക്രമണം പോലെ മറ്റൊരു ആക്രമണം കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എം.എന്‍.എസ് നേതാവ് രാജ്താക്കറെ. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടുന്നതിന് വേണ്ടിയാണ് ഇതെന്നും രാജ്താക്കറെ പറഞ്ഞു.
തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോയെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ 13ാമത് വാര്‍ഷികാഘോഷ വേളയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാജ്താക്കറെയുടെ ഞെട്ടിക്കുന്ന വാക്കുകള്‍.
പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായാണ് രാജ്താക്കറെ വിമര്‍ശിച്ചത്. ഫെബ്രുവരി 26ന് ബാലാകോട്ട് വ്യോമാക്രമണത്തിന് റാഫേല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കനത്ത പ്രഹരം നല്‍കാന്‍ കഴിയുമായിരുന്നുവെന്ന പ്രസ്താവന ജവാന്മാരെ അപമാനിക്കുന്നതാണെന്നും രാജ്താക്കറെ പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതായി രാജ്താക്കറെ പറഞ്ഞു.
ബാലാകോട്ട് ആക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്ഥാന്‍ തിരിച്ചയക്കുമായിരുന്നില്ല. കള്ളം പറയുന്നതിന് പരിധികളുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാണ് ഈ കള്ളങ്ങളെന്നും രാജ്താക്കറെ പറഞ്ഞു.
40 ജവാന്മാര്‍ പുല്‍വാമയില്‍ രക്തസാക്ഷികളായി. എന്നിട്ടും നമ്മള്‍ ചോദ്യം ചോദിക്കരുതെന്നാണോ ? ഡിസംബറില്‍ അജിത് ദോവല്‍ പാകിസ്ഥാനില്‍ അദ്ദേഹത്തിന്റെ പദവി വഹിക്കുന്ന ആളുമായി ബാങ്കോക്കില്‍ ചര്‍ച്ച നടത്തി. ആ ചര്‍ച്ചയില്‍ എന്താണ് സംഭവിച്ചതെന്ന് ആരാണ് പറയുകയെന്നും താക്കറെ ചോദിച്ചു.
ബാലാകോട്ട് ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയാന്‍ വ്യോമാക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുകളില്‍ ഒരാളാണോ അമിത് ഷായെന്നും താക്കറെ ചോദിച്ചു.
2015 ഡിസംബറില്‍ മോദി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന് കേക്ക് നല്‍കിയിരുന്നു. ഇത് കഴിഞ്ഞ് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം പത്താന്‍കോട്ട് ആക്രമണമുണ്ടായി. ആ സമയത്ത് മൂന്ന് മാസത്തിനുള്ളില്‍ നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നുവെന്നും രാജ് താക്കറെ പറഞ്ഞു.
#RajThackeray also alleged that the warnings issued by intelligence agencies prior to the #PulwamaAttack were ignored.
https://t.co/TNylbtlQkK— Firstpost (@firstpost) March 9, 2019