ഓക്‌സിജന് വേണ്ടി സ്വകാര്യ ആശുപത്രി കോടതിയിലേക്ക്; നടപടിയെടുക്കാന്‍ കേന്ദ്രത്തോടും ദല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് ഹരജി
national news
ഓക്‌സിജന് വേണ്ടി സ്വകാര്യ ആശുപത്രി കോടതിയിലേക്ക്; നടപടിയെടുക്കാന്‍ കേന്ദ്രത്തോടും ദല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 4:28 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച് സ്വകാര്യ ആശുപത്രി. ആരോഗ്യനില ഗുരുതരമായ രോഗികള്‍ക്ക് പോലും നല്‍കാന്‍ ഓക്‌സിജന്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പരിഹാരത്തിനായി ആശുപത്രി ഹൈക്കോടതിയെ സമീപിച്ചത്.

ദിവസേന 3000 ക്യുബിക്ക് മീറ്റര്‍ ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം കോടതി കേന്ദ്രസര്‍ക്കാരിനും ദല്‍ഹി സര്‍ക്കാരിനും നല്‍കണമെന്നാണ് ആശുപത്രിയുടെ ആവശ്യം.

‘നിലവില്‍ 70 രോഗികള്‍ ഗുരുതരാവസ്ഥയിലും തീവ്രപരിചരണത്തിലുമാണ്. വളരെയധികം
ഓക്‌സിജന്‍ ആവശ്യമാണ്. വെയിറ്റിംഗ് ലിസ്റ്റില്‍ കുറഞ്ഞത് 172 രോഗികളുണ്ട്, അവരില്‍ 64 പേരും ഓക്‌സിജന്‍ പിന്തുണ ആവശ്യമുള്ളവരാണ്,” ഹരജിയില്‍ പറയുന്നു.

അതേസമയം, ബുധനാഴ്ച കേന്ദ്രം ദല്‍ഹിയുടെ ഓക്സിജന്‍ ക്വാട്ട 378 മെട്രിക് ടണ്ണില്‍ നിന്ന് 480 മെട്രിക് ടണ്ണായി ഉയര്‍ത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തേണ്ടതുകൊണ്ടുതന്നെ ഓക്സിജന്‍ നഗരത്തിലെത്താന്‍ കുറച്ചുകൂടി ദിവസമെടുക്കുമെന്നാണ് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഏറ്റവും രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.

ഓക്‌സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. പൗരന്മാര്‍ക്ക് സര്‍ക്കാരിനെ തന്നെയല്ലേ ആശ്രയിക്കാന്‍ സാധിക്കൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കണമെന്ന് കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:  Another Delhi Hospital Moves Court Over Oxygen Supply To Covid Patients