Entertainment
ബോളിവുഡില്‍ നിന്ന് നായിക വേണമെന്ന് പറയാന്‍ പറ്റുമോ, നമുക്ക് ഇവിടെയുള്ള സുരഭിയൊക്കെ മതി: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 26, 10:15 am
Sunday, 26th January 2025, 3:45 pm

ഇരുപത് വര്‍ഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് സുരഭി ലക്ഷ്മി. ടെലിവിഷനിലൂടെയും വെള്ളിത്തിരയിലൂടെയും സുരഭി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭി സ്വന്തമാക്കിയിട്ടുണ്ട്.

2022ല്‍ അനൂപ് മേനോന്റെ രചനയില്‍ അനൂപ് മേനോന്‍ തന്നെ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് പത്മ. അനൂപ് മേനോനും സുരഭിയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്മയുടെ നിര്‍മാതാവും അനൂപ് മേനോന്‍ ആണ്.

പത്മ സിനിമയുടെ ആദ്യ നിര്‍മാതാവ്, സുരഭിയാണ് നായിക എന്നറിഞ്ഞപ്പോള്‍ അവരെ മാറ്റാന്‍ പറഞ്ഞെന്നും എന്നാല്‍ തനിക്ക് സുരഭിയെ മാത്രമേ ആ കഥാപാത്രമായി കാണാന്‍ കഴിഞ്ഞുള്ളുവെന്നും അനൂപ് മേനോന്‍ പറയുന്നു. ആ നിര്‍മാതാവിനോട് പറ്റില്ലെന്ന് പറഞ്ഞതുകൊണ്ട് താന്‍ തന്നെ സിനിമ നിര്‍മിക്കുകയായിരുന്നെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറയുന്നു.

‘ബോളിവുഡില്‍ നിന്ന് നായിക വേണമെന്ന് പറയാന്‍ പറ്റുമോ, നമുക്ക് ഇവിടെയുള്ള സുരഭിയൊക്കെ മതി. അവര്‍ വളരെ മികച്ച അഭിനേത്രിയാണ്. ഞാന്‍ പത്മ ഷൂട്ട് ചെയ്യുന്ന സമയത്ത് ആദ്യം ഒരു നിര്‍മാതാവ് വന്നപ്പോള്‍ സുരഭിയാണ് നായികയെന്ന് പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു.

നിങ്ങളുടെ നായികയായിട്ട് സുരഭി വേണ്ടെന്ന് പറഞ്ഞു. അയാളോട് ഞാന്‍ പോകാന്‍ പറഞ്ഞു. സുരഭിയല്ലാതെ വേറൊരാളെ ആ കഥാപാത്രത്തിലേക്ക് എനിക്ക് കാസ്റ്റ് ചെയ്യാന്‍ പറ്റില്ല. അത് കാരണം ഞാന്‍ തന്നെ ആ സിനിമ നിര്‍മിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു,’ അനൂപ് മേനോന്‍ പറയുന്നു.

Content highlight: Anoop Menon talks about Surabhi Lakshmi in Padma movie