Entertainment news
ദൃശ്യം മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയുടെ കേസന്വേഷിക്കാന്‍ നന്ദകിഷോര്‍ വരുമോ: മറുപടിയുമായി അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 25, 09:25 am
Monday, 25th April 2022, 2:55 pm

അനൂപ് മേനോന്‍, ലിയോണ ലിഷോയ്, അനു മോഹന്‍, ജീവ ജോസഫ്, രഞ്ജിത്, രണ്‍ജി പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയായിരുന്നു 21 ഗ്രാംസ്.

തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമ മലയാളത്തിലെ മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളിലൊന്നായും വിലയിരുത്തപ്പെട്ടു.

സിനിമ കണ്ട് സംവിധാകന്‍ ജീത്തു ജോസഫ് വിളിച്ചഭിനന്ദിച്ചതിനെപ്പറ്റി പറയുകയാണ് ഇപ്പോള്‍ അനൂപ് മേനോന്‍.

21 ഗ്രാംസിനെ ദൃശ്യവുമായി കൂട്ടിയിണക്കി പുറത്തുവന്ന ട്രോളുകളെക്കുറിച്ചും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നുണ്ട്.

ജീത്തു ജോസഫ് പടം കണ്ടിട്ട് പോസ്റ്റ് ഇട്ടിരുന്നല്ലോ, എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു അനൂപ് മേനോന്‍.

”അതെ, ജീത്തു വിളിച്ചിരുന്നു. ഭയങ്കര ഇംപ്രസ്ഡ് ആയിട്ടായിരുന്നു വിളിച്ചത്. ദൃശ്യം പോലുള്ള ഒരു സിനിമയാണെന്ന് പറഞ്ഞു.

ഭയങ്കരമായി കൊളുത്തുന്ന ഒരു സ്റ്റോറിയാണെന്നും ക്ലൈമാക്‌സ് സൂപ്പറാണെന്നും ജീത്തു പറഞ്ഞു.

ഇന്ന് കുറേ ട്രോള്‍സ് ഒക്കെ വന്നിട്ടുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയുടെ കേസ് അന്വേഷിക്കാന്‍ നന്ദകിഷോര്‍ വരുമോ, എന്ന് ചോദിച്ചിട്ട്,” അനൂപ് മേനോന്‍ പറഞ്ഞു.

അങ്ങനെ വരുമോ എന്ന അവതാരകന്റെ ചോദ്യത്തിന്, ”അയ്യോ, വന്നാല്‍ ഭാഗ്യം,” എന്നായിരുന്നു താരത്തിന്റെ മറുപടി.

നടന്‍ പ്രഭാസ് 21 ഗ്രാംസിന്റെ റൈറ്റ്‌സ് ചോദിച്ചിട്ടുണ്ട് എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചും അനൂപ് മേനോന്‍ പ്രതികരിച്ചു.

”അങ്ങനെ എന്തെക്കെയോ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് എനിക്കത്ര അറിയില്ല. അതിനെക്കുറിച്ച് വെളിപ്പെടുത്താവുന്ന സ്ഥിതിയിലല്ല,” താരം കൂട്ടിച്ചേര്‍ത്തു.

സുരഭി ലക്ഷ്മി ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ‘പത്മ’യാണ് അനൂപ് മേനോന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നായകനായെത്തുന്നതിന് പുറമെ സിനിമ സംവിധാനം ചെയ്യുന്നതും അനൂപ് മേനോനാണ്.

Content Highlight: Anoop Menon about 21 Grams, Drishyam and Jeethu Joseph