ഹിന്ദു ക്ഷേത്രത്തിന് സമാനമായ രൂപഘടനയെന്ന് ആരോപണം; കര്‍ണാടകയിലെ മലാലി ജുമാ മസ്ജിദിന് ചുറ്റും നിരോധനാജ്ഞ
national news
ഹിന്ദു ക്ഷേത്രത്തിന് സമാനമായ രൂപഘടനയെന്ന് ആരോപണം; കര്‍ണാടകയിലെ മലാലി ജുമാ മസ്ജിദിന് ചുറ്റും നിരോധനാജ്ഞ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th May 2022, 2:07 pm

ന്യൂദല്‍ഹി: കര്‍ണാടകയിലെ മലാലി ജുമാ മസ്ജിദിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിന്ദു ക്ഷേത്രത്തിന് സമാനമായ രൂപഘടന കണ്ടെത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതിനെ പിന്നാലെയാണ് മസ്ജിദിന് ചുറ്റം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവില്‍ മെയ് 26വരെയാണ് നിരോധനാജ്ഞ.

ആള്‍ക്കൂട്ടം ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മംഗലൂരുവിന്റെ തീരദേശമേഖലയിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

അതിനാല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിപ്പിച്ചു.

ജില്ലാ ഭരണകൂടം എല്ലാം നിരീക്ഷിച്ചു വരികയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും കോടതി മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

രേഖകള്‍ പരിശോധിക്കുന്നത് വരെ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് വി.എച്ച്.പി നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ 21നാണ് പള്ളിയുടെ പുനര്‍നവീകരണം തുടങ്ങിയത്. ആസമയത്ത് പള്ളിയുടെ മേല്‍ക്കൂരയിലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ക്ഷേത്രത്തിന് സമാനമായ ചിത്രമാണെന്ന അവകാശവാദം ഉന്നയിച്ച് ചിലര്‍ രംഗത്ത് വരികയും കോടതിയെ സമീപിക്കുകയുമായിരുന്നു.

ഇന്ന് വൈകിട്ട് ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ ജാമിയ മസ്ജിദിനെതിരെയും സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: announces ban around Malali Juma Masjid in Karnataka