ഇപ്പോഴും എന്നെ പലരും വിളിക്കുന്നത് ഹംസധ്വനി എന്നാണ്: അഞ്ജന ജയപ്രകാശ്
Entertainment
ഇപ്പോഴും എന്നെ പലരും വിളിക്കുന്നത് ഹംസധ്വനി എന്നാണ്: അഞ്ജന ജയപ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th May 2024, 9:36 am

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പാച്ചുവിന് ശേഷം അഞ്ജന അഭിനയിക്കുന്ന ചിത്രമാണ് ടര്‍ബോ. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ വിളിക്കുന്നത് പാച്ചുവിലെ കുട്ടിയെന്നും, ഹംസധ്വനി എന്നുമൊക്കെയാണെന്ന് അഞ്ജന പറഞ്ഞു.

ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദില്‍സേ എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പാച്ചുവിന് ശേഷം ഒരുപാട് കഥകള്‍ കേട്ടെന്നും ടര്‍ബോ കമ്മിറ്റ് ചെയ്യാന്‍ കാരണം ഇതിന്റെ ക്രൂ ആണെന്നും താരം പറഞ്ഞു. മമ്മൂട്ടിക്കമ്പനി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ, മിഥുന്‍ മാനുവല്‍ സ്‌ക്രിപ്റ്റ് എഴുതുന്ന സിനിമ, വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ എന്നീ ഫാക്ടറുകളാണ് ടര്‍ബോയിലേക്ക് തന്നെ എത്തിച്ചതെന്നും അഞ്ജന കൂട്ടിച്ചേര്‍ത്തു.

‘പാച്ചുവും അത്ഭുതവിളക്കും ഇറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും പലര്‍ക്കും എന്റെ യഥാര്‍ത്ഥ പേര് അറിയില്ല. അവര്‍ക്ക് ഞാന്‍ ഇപ്പോഴും ഹംസധ്വനിയാണ്. ചിലര്‍ ധ്വനി എന്നും വേറെ ചിലര്‍ തമാശക്ക് ഹംസ എന്നുമൊക്കെ വിളിക്കും. പിന്നെ പാച്ചുവിലെ കുട്ടിയല്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്റെ പേര് അഞ്ജന എന്നാണെന്ന് മിക്കവര്‍ക്കും അറിയില്ല. ആ കഥാപാത്രത്തെ അവര്‍ അത്രക്ക് ഏറ്റെടുത്തത് കൊണ്ടാണെന്ന് തോന്നുന്നു ഇത്.

പാച്ചുവിന് ശേഷം കുറച്ച് കഥകള്‍ കേട്ടു. എല്ലാം ഹംസധ്വനിയുമായി സിമിലാരിറ്റിയുള്ളതായിരുന്നു. അങ്ങനെയിരിക്കുമ്പോഴായിരുന്നു ടര്‍ബോയിലേക്ക് എന്നെ വിളിക്കുന്നത്. വൈശാഖ് ഡയറക്ട് ചെയ്യുന്ന സിനിമ, മിഥുന്‍ മാനുവലിന്റെ സ്‌ക്രിപ്റ്റ്, പ്രൊഡ്യൂസ് ചെയ്യുന്നത് മമ്മൂട്ടിക്കമ്പനി. ഇതൊക്കെ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഓക്കെയായി. മമ്മൂട്ടിക്കമ്പനിയില്‍ നിന്ന് എനിക്ക് കോള്‍ വന്നപ്പോള്‍ വൈഫൈ കട്ടാകുമ്പോഴുള്ളത് പോലുള്ള അവസ്ഥയായിരുന്നു. കുറച്ച് സമയമെടുത്തു റിയാലിറ്റിയിലേക്കെത്താന്‍,’ അഞ്ജന പറഞ്ഞു.

Content Highlight: Anjana Jayaprakash saying that most peoples still calling her as Hamsadhwani