കൊച്ചി: തെരുവ് നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും നായക്കൂട്ടമാണെന്ന് സത്യദീപം മാസികയുടെ മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
നായക്കൂട്ടം പേ പിടിച്ച പോലെ ആബാലവൃദ്ധം ജനങ്ങളെ കടിച്ചു കുടഞ്ഞ് വിലസുമ്പോള്‍ കാര്യമായൊന്നും ചെയ്യാനില്ലാതെ കാഴ്ചക്കാരുടെ റോളിലാണ് സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. തുടല്‍ പൊട്ടിയ നായയും തുടലില്‍ തുടരുന്ന സര്‍ക്കാരുമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും ‘നായാധിപത്യകാഴ്ച്ചകള്‍’ എന്ന തലക്കെട്ടിലുള്ള സത്യദീപം മാസികയുടെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
‘ഈ വര്‍ഷം ഓഗസ്റ്റ് ഒന്ന് വരെ മാത്രം തെരുവ് നായയുടെ കടിയേറ്റവര്‍ 1,83,931 പേരാണ്. സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ 10 ലക്ഷത്തിലധികം പേരെ തെരുവ് നായ്ക്കള്‍ ആക്രമിച്ചെന്നാണ് കണക്കുകള്‍. ആറ് വര്‍ഷത്തിനിടെ 57 പേരെ നായ കടിച്ചുകൊന്നു. റാന്നിയിലെ 12 വയസുകാരി അഭിരാമി ഉള്‍പ്പെടെ മരിച്ചവരില്‍ ആറ് പേര്‍ വാക്സിന്‍ സ്വീകരിച്ചവരാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു,’ വിദഗ്ധ സമിതി രൂപീകരിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടില്ലെന്നും സത്യദീപം വിമര്‍ശിച്ചു.
പന്നിപ്പനിയുടെ പേരില്‍ നൂറുകണക്കിന് പന്നികളേയും പക്ഷിയുടെ പേരില്‍ താറാവ് കൂട്ടത്തേയും കൊന്നു. നായകളെ മാത്രം സ്നേഹിക്കുന്നത് കപടമൃഗസ്നേഹികളുടെ ഇരട്ടത്താപ്പാണെന്നും അതിരൂപതാ മാസിക കുറ്റപ്പെടുത്തി.
ഔദ്യോഗിക കണക്ക് പ്രകാരം മൂന്ന് ലക്ഷത്തോളം തെരുവ് നായ്ക്കളുള്ള കേരളത്തില്‍ അതിന്റെ പത്ത് ശതമാനത്തെപ്പോലും വന്ധ്യംകരിക്കാനായിട്ടില്ല. വന്ധ്യംകരണത്തിനുള്ള വകുപ്പില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ വലയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിപരിവാരവും വിദേശയാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. മജിസ്ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെക്കൂടി കടിച്ചാലേ കാര്യങ്ങള്‍ക്ക് തീരുമാനമാകൂ എന്നുണ്ടോയെന്നും ലേഖനം ചോദിക്കുന്നു.
അതേസമയം, അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുന്നത് പതിവാകുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി.
പേ പിടിച്ചതും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വ്യക്തമാക്കിയത്.