Kerala News
ഉമ്മന്‍ചാണ്ടി ജനമനസുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്; വിനായകന് മറുപടിയുമായി അനീഷ് ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 20, 09:44 am
Thursday, 20th July 2023, 3:14 pm

തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ വിമര്‍ശനവുമായി നടന്‍ അനീഷ് ജി. വിനായകന്റെ പ്രതികരണം നിര്‍ഭാഗ്യകരമായി പോയെന്ന് അനീഷ് പറഞ്ഞു. ഓഡിയന്‍സിന് മുന്നില്‍ താങ്കളോളം സ്വാധീനം ഇന്ന് തനിക്കില്ലയെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജന മനസുകളില്‍ താങ്കളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാര്‍ത്ഥ്യമാണെന്ന് അനീഷ് പറഞ്ഞു.

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് ഉമ്മന്‍ചാണ്ടി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം.

ഉമ്മന്‍ ചാണ്ടി ചത്തു, അതിന് എന്തിനാണ് മൂന്ന് ദിവസം അവധിയെന്നായിരുന്നു വിനായകന്‍ ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടിയെന്നും വിനായകന്‍ ചോദിക്കുന്നുണ്ട്. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ലെന്നും വിനായകന്‍ പറഞ്ഞിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മിസറ്റര്‍ വിനായകന്‍,
ഞാനും നിങ്ങളും ഒരേ ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷവും നില നില്‍ക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയന്‍സിന് മുന്നില്‍ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്. അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാര്‍ ജനമനസുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാര്‍ഥ്യമാണ്.

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തേ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകള്‍ താങ്കളെ ഇറിറ്റേറ്റ് ചെയ്തതും. നല്ലൊരു അഭിനേതാവ് എന്ന നിലയില്‍ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ. താങ്കളുടെ ഈ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയി.

Content Highlight: Aneesh g criticise vinayakan