ഈ ജനുവരിയിലാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ സൈന്‍ ചെയ്തത്. രണ്ട് വര്‍ഷത്തേക്കാണ് റൊണാള്‍ഡോ ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിന് പുറത്തേക്ക് റൊണോ കാല്‍വെപ്പ് നടത്തുന്നത്.
പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് സി.പിയില്‍ കളിച്ചുതുടങ്ങിയ റൊണാള്‍ഡോ 2003 മാഞ്ചസ്റ്ററിലേക്ക് കളിത്തട്ടകം മാറ്റുകയായിരുന്നു. അലക്‌സ് ഫെര്‍ഗൂസന്‍ എന്ന ലെജന്‍ഡിന് കീഴില്‍ റൊണാള്‍ഡോ വിശ്വം ജയിക്കാനായി സ്വയം പാകപ്പെടുത്തിയെടുക്കുകയായിരുന്നു.
ശേഷം സ്‌പെയ്‌നിലേക്ക് കാലെടുത്തുവെച്ച താരം റയല്‍ മാഡ്രിഡിനെ പലകുറി ചാമ്പ്യന്‍മാരാക്കി. തുടര്‍ന്ന് ഇറ്റലിയില്‍ യുവന്റസിനൊപ്പവും താരം ജൈത്രയാത്ര തുടര്‍ന്നു.
യൂറോപ്പില്‍ സകലതും നേടിക്കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ ഏഷ്യന്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെക്കുന്നത്. താരത്തിന്റെ വരവ് അല്‍ നസറിന് മാത്രമല്ല, ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ നല്‍കുന്ന ഡ്രൈവിങ് ഫോഴ്‌സ് വളരെ വലുതായിരിക്കും.
അല്‍ നസറില്‍ സൈന്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണിരിക്കുകയാണ്. താരത്തിന്റെ ഏഷ്യന്‍ ക്ലബ്ബിലേക്കുള്ള കൂടുമാറ്റം ആരാധകരില്‍ പലര്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
എന്നാല്‍ വര്‍ഷങ്ങള്‍ മുമ്പ് ഇത്തരമൊരു തീരുമാനമെടുത്ത് ആരാധകരില്‍ അമ്പരപ്പുളവാക്കിയ താരമാണ് സ്‌പെയ്‌നിന്റെ വേള്‍ഡ് കപ്പ് ഹീറോയും ബാഴ്‌സലോണയുടെ മുന്‍ താരവുമായ ആന്ദ്രേ ഇനിയേസ്റ്റ. 2018ലാണ് മുന് താരം ബാഴ്‌സ വിട്ട് ജാപ്പനീസ് ക്ലബ്ബായ വിസല്‍ കോബേയിലേക്ക് ചേക്കേറിയത്.
ബാഴ്‌സ വിട്ട് വിസല്‍ കോബെയിലേക്ക് പോകാന്‍ തീരുമാനിച്ചത് ശരിയായ തീരുമാനമായിരുന്നെന്നും അവിടെ എത്തിയതില്‍ പിന്നെയാണ് അത് മനസിലായതെന്നുമായിരുന്നു ഇനിയേസ്റ്റയുടെ പ്രതികരണം.
‘ജപ്പാനിലേക്ക് ചേക്കേറിയത് ശരിയായ തീരുമാനമായിരുന്നു. എന്റെ തീരുമാനത്തില്‍ എനിക്ക് സന്തോഷം തോന്നുകയും ചെയ്തു,’ ഇങ്ങനെയായിരുന്നു ഇനിയേസ്റ്റയുടെ വാക്കുകള്‍.
റൊണാള്‍ഡോയുടെ തീരുമാനത്തില്‍ താരത്തിന് സന്തോഷിക്കാനാവുന്നുണ്ടെങ്കില്‍ അത് മികച്ച തീരുമാനമായിരിക്കുമെന്നാണ് ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നത്. ഇനിയേസ്റ്റയുടെ അനുഭവം അതിനുദാഹരണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.