ടി-20 ഫോര്‍മാറ്റില്‍ ഹിസ്‌റ്റോറിക് ഡബിള്‍ നേട്ടം കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസല്‍. ടി-20 ഫോര്‍മാറ്റില്‍ 8,000 റണ്‍സും 400 വിക്കറ്റും നേടുന്ന ഏക താരം എന്ന നേട്ടമാണ് റസല്‍ സ്വന്തമാക്കിയത്.
വിന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലാണ് റസല്‍ ഈ നേട്ടത്തിലെത്തിയത്. മൂന്നാം ടി-20യില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ടി-20യില്‍ 8,000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ റസലും സ്ഥാനം പിടിച്ചത്.
2010ല്‍ ടി-20 കരിയര്‍ ആരംഭിച്ച റസല്‍ 476 മത്സരത്തിലെ 411 ഇന്നിങ്‌സില്‍ നിന്നും 8,029 റണ്‍സാണ് നേടിയത്. 26.85 എന്ന ശരാശരിയിലും 168.57 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്.
രണ്ട് സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും നേടിയ റസലിന്റെ ഉയര്‍ന്ന സ്‌കോര്‍ 121* ആണ്. 527 ബൗണ്ടറിയും 651 സിക്‌സറും താരം ടി-20 കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.
ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തുള്ള റസല്‍ 424 വിക്കറ്റുകളാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ പിഴുതെറിഞ്ഞിട്ടുള്ളത്.
കളിച്ച 476 മത്സരത്തില്‍ 426 മത്സരത്തിലും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തിയ റസല്‍ 25.55 എന്ന ശരാശരിയിലും 8.64 എന്ന എക്കോണമിയിലുമാണ് പന്തെറിയുന്നത്. 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. കരിയറില്‍ ഒമ്പത് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ റസല്‍ ഒരു തവണ ഫൈഫറും നേടിയിട്ടുണ്ട്.