പുഞ്ചിരിയിലൂടെ മാത്രമല്ല ആസിഫിന്റെ മറുപടി, ഈ സിനിമയിലെ അഭിനയത്തിലൂടെയുമുണ്ട്
Entertainment
പുഞ്ചിരിയിലൂടെ മാത്രമല്ല ആസിഫിന്റെ മറുപടി, ഈ സിനിമയിലെ അഭിനയത്തിലൂടെയുമുണ്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th July 2024, 5:20 pm

എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കണ്ടത്.

രമേശ്‌ നാരായണനെതിരെയുള്ള സൈബർ ആക്രമണത്തെ തുടർന്ന് ആസിഫ് അലി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തനിക്കുള്ള പിന്തുണ ഒരിക്കലും രമേശ്‌ നാരായണനെതിരെയുള്ള വിദ്വേഷമാവരുതെന്നും ആ നിമിഷം അനുഭവിച്ച മാനസിക പിരിമുറുക്കം കാരണമാവാം രമേശ്‌ നാരായണൻ അങ്ങനെ പ്രതികരിച്ചതെന്നും അത് മനുഷ്യ സഹജമാണെന്നും ആസിഫ് പറഞ്ഞിരുന്നു.

 

പ്രതിസന്ധി ഘട്ടത്തെ പുഞ്ചിരിയോടെ നേരിട്ട ആസിഫിനെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. പുതിയ ചിത്രം ലെവൽ ക്രോസിന്റെ ഭാഗമായി നടത്തിയ പ്രൊമോഷൻ പരിപാടികളിലും ഗംഭീര വരവേൽപ്പായിരുന്നു ആസിഫിന് ലഭിച്ചത്. ഒരിക്കലും രമേശ്‌ നാരായണനുമായിട്ടുള്ള പ്രശ്നത്തിന് ശേഷം മാത്രം വന്ന സപ്പോർട്ട് അല്ലായിരുന്നു അത്.

‘ആസിഫ് അലി, നിങ്ങളുടെ കൂടെയാണ് മലയാള സിനിമ പ്രേക്ഷകര്‍ മുഴുവനും. നിങ്ങളുടെ ഈ പുഞ്ചിരി മതി എല്ലാത്തിനും ഉത്തരമായി, എന്നായിരുന്നു രമേശ്‌ നാരായണനുമായുള്ള വിഷയത്തിന്റെ വീഡിയോക്ക് താഴെ ഒരാൾ കമന്റ്‌ ചെയ്തത്. ഇത് തീർത്തും സത്യമാണ്.

സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിൽ എത്തി നിൽക്കുന്ന ആസിഫ് കഥാപാത്രങ്ങളിലൂടെയും പ്രകടനത്തിലൂടെയും മുമ്പും വിമർശകർക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. യാതൊരു സിനിമ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ആസിഫ് കരിയറിന്റെ തുടക്കത്തിൽ തന്നെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം പറയപ്പെടുന്ന ഒരാളായി മാറിയിരുന്നു.

 

വീണ്ടും പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ആസിഫ്‌ അലി. നവാഗതനായ അർഫാസ് അയൂബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലെവൽ ക്രോസ് എന്ന ചിത്രത്തിൽ മുമ്പൊന്നും കാണാത്ത ആസിഫിനെ പ്രേക്ഷകർക്ക് കാണാം.

രഘു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരത്തെ സംവിധായകൻ അവതരിപ്പിക്കുന്നത്. തീർച്ചയായും ആസിഫിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട വേഷങ്ങളിൽ ഒന്നായി മാറാൻ ഈ കഥാപാത്രത്തിന് കഴിയും. മുമ്പൊന്നും കാണാത്ത രൂപത്തിലും ഭാവത്തിലും ആസിഫിന്റെ ഗംഭീര പെർഫോമൻസ് ലെവൽ ക്രോസിൽ കാണാം.

അവസാനം ഇറങ്ങിയ ആസിഫ് അലി ചിത്രം തലവനും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തലവൻ എന്ന വിജയ ചിത്രത്തിന് ശേഷം വരുന്ന ആസിഫ്‌ അലി ചിത്രം എന്നതിനേക്കാൾ രമേശ്‌ നാരായണനുമായുള്ള പ്രശ്നത്തിന് ശേഷം ഇറങ്ങുന്ന സിനിമ എന്ന രീതിയിലായിരുന്നു ചിലർ ലെവൽ ക്രോസിനെ സമീപിച്ചത്.

എന്നാൽ മലയാളികൾക്ക് ആരാണ് ആസിഫ്‌ അലിയെന്നതിന്റെ വ്യക്തമായ മറുപടിയാണ് ലെവൽ ക്രോസ്. പ്രതിസന്ധി ഘട്ടത്തെ പുഞ്ചിരിയോടെ നേരിട്ടതിനേക്കാൾ ഇരട്ടി മധുരമുള്ള മറുപടിയാണ് ആസിഫ് തന്റെ വിമർശകർക്ക് നൽകിയിരിക്കുന്നത്.

ആസിഫിനെ കൂടാതെ അമല പോൾ, ഷറഫുദ്ദീൻ എന്നിവരുടെയും മികച്ച പ്രകടനം കണ്ട ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത് സംവിധായകൻ ജീത്തു ജോസഫ്‌ ആണ്. പൂർണമായി ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ലെവൽ ക്രോസ്.

Content Highlight:  Analysis Of  Asif Ali’s Performance In Level Cross