ഉള്ളില്‍ അനേകായിരം വിസ്‌ഫോടനങ്ങളെയേറ്റി ഗര്‍ഭിണിയായ ഒരു മുസ്ലിം സ്ത്രീ താങ്കളുടെ ഭരണകൂടത്തിന്റെ തടവറയില്‍ കഴിയുന്നുണ്ട്; മനേക ഗാന്ധിക്ക് ഒരു മലപ്പുറത്തുകാരിയുടെ കത്ത്
Discourse
ഉള്ളില്‍ അനേകായിരം വിസ്‌ഫോടനങ്ങളെയേറ്റി ഗര്‍ഭിണിയായ ഒരു മുസ്ലിം സ്ത്രീ താങ്കളുടെ ഭരണകൂടത്തിന്റെ തടവറയില്‍ കഴിയുന്നുണ്ട്; മനേക ഗാന്ധിക്ക് ഒരു മലപ്പുറത്തുകാരിയുടെ കത്ത്
ഷാഹിദ ഷാ
Thursday, 4th June 2020, 4:58 pm

മേനക ഗാന്ധിക്ക്,

കേരളത്തിലെ, പാലക്കാട് ജില്ലയില്‍ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ തോട്ട ഭക്ഷിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞതില്‍ അങ്ങേയറ്റം ആവലാതിപ്പെട്ടുകൊണ്ടുള്ള താങ്കളുടെയും കൂട്ടാളികളുടേയും ട്വിറ്റര്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിച്ചിരുന്നു. ഞാനും എന്റെ സുഹൃത്തുക്കളും എല്ലാവരും ഈ വിഷയത്തിലെ വേദന പങ്കുവെച്ചിരുന്നു.

മലപ്പുറത്തുകാരിയായ ഞാന്‍ ജോലി ചെയ്യുന്ന മണ്ണാര്‍ക്കാട് എന്ന സ്ഥലം അമ്പലപ്പാറയില്‍ നിന്നും അധികമൊന്നും ദൂരെയല്ലാത്ത സ്ഥലമാണെന്ന് മാത്രമല്ല അതിന്റെ സമീപപ്രദേശങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിദ്യാര്‍ഥികളെ നേരിട്ടറിയാവുന്നതുമാണ്. കാട്ടുപന്നി ശല്യം രൂക്ഷമായ അമ്പലപ്പാറയില്‍ കൃഷി വിളകള്‍ നശിപ്പിക്കാന്‍ വേണ്ടി കൂട്ടത്തോടെ വരുന്ന കാട്ടുപന്നികളെ പേടിപ്പിക്കാന്‍ വേണ്ടി വെക്കുന്ന തോട്ട യാദൃശ്ചികമായി അതുവഴി വന്ന കാട്ടാന ഭക്ഷിക്കുകയായിരുന്നു. അതിന് ശേഷം വെള്ളത്തിലിറങ്ങിയ ആനയെ കയറ്റാന്‍ നാട്ടുകാരും ഫയര്‍ഫോഴ്സുമൊക്കെ ഒരുപാട് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുക്കമാണ് ദാരുണമായി ആന ചരിഞ്ഞത്. വളരെയധികം വേദനയും അമര്‍ഷവും തോന്നിയിരുന്നു.

എന്നാല്‍ പിന്നീട് താങ്കളടക്കമുള്ള പലരുടെയും പോസ്റ്റുകളും ആഹ്വാനങ്ങളും വായിക്കാനിടയായി. മലപ്പുറം ജില്ലയിലെ മുസ്ലിം ജനസംഖ്യയെ കുറിച്ചും ജില്ലയുടെ വയലന്‍സിനെ കുറിച്ചും ഗര്‍ഭിണിയായ ചെരിഞ്ഞ ആനയുടെ അവസ്ഥയെ കുറിച്ചുമെല്ലാം. പാലക്കാട് ജില്ലയിലെ അമ്പലപ്പാറയെ മലപ്പുറം ജില്ലയാക്കി മാറ്റിയ താങ്കളുടെ (അനുയായികളുടെയും) ആ ‘അബദ്ധത്തെ’ അത്ര നിഷ്‌കളങ്കമായ ഒന്നായി ഒരു മലപ്പുത്തെ മുസ്ലീം യുവതിയായ എനിക്ക് വായിക്കാനാകുന്നില്ല. അതിന്റെ കൃത്യമായ അജണ്ട മനസ്സിലാക്കിയെടുക്കാന്‍ കാലങ്ങളായി ഇത്തരം പല എഴുത്തുകളും പ്രചാരണങ്ങളും കാണുകയും കേള്‍ക്കുകയും ഇപ്പോഴും പലതിനും മറുപടിപറയുകയും ചെയ്യുന്ന ആളുകളെന്ന നിലക്ക് എളുപ്പത്തില്‍ സാധിക്കുന്നുണ്ട്.

പിന്നെ, ആനക്കുണ്ടായ അനുഭവത്തിലെ കഠിനമായ വേദനയോടെ തന്നെ താങ്കളുടെയും മറ്റു മാധ്യമങ്ങളുടെയും ശ്രദ്ധയിലേക്ക് ഒരു കാര്യം കൂടി കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഉള്ളില്‍ അനേകായിരം വിസ്‌ഫോടനങ്ങള്‍ സംഭവിച്ച് കൊണ്ട് ഗര്‍ഭിണിയായ സഫൂറ സര്‍ഗാര്‍ എന്ന മുസ്ലിം യുവതി താങ്കളുടെ ഭരണകൂടത്തിന്റെ തടവറയില്‍, ഇരുട്ടില്‍ ദിവസങ്ങളോളമായി ഒറ്റക്ക് നില്‍ക്കുകയാണ്. അവളുടെ ഉദരത്തില്‍ ഒരു കുഞ്ഞ് വളരുന്നുണ്ട്.

ആ കുഞ്ഞിന് വേണ്ടി പോലും നിങ്ങള്‍ സൃഷ്ടിച്ച് വെച്ചിട്ടുള്ള ക്രൂരമായ ലോകത്തെക്കുറിച്ചൊന്നും തന്നെ അറിയാതെ. താങ്കളുടെ മൂക്കിന്‍ തുമ്പില്‍ നിന്നും അധികമൊന്നും ദൂരെയാല്ലാതെ സഫൂറയുണ്ട്. അതിന് കൂടി മറുപടി പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്.
അതിനുള്ള തന്റേടം നിങ്ങള്‍ക്കില്ല എന്നറിയാമെങ്കില്‍ പോലും.

എന്ന്, ഷാഹിദ

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക