സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ട്: ജോജുവിനെ പിന്തുണച്ച് 'അമ്മ'
കൊച്ചി: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി താരസംഘടനയായ അമ്മ.
സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ടെന്ന് അമ്മ സംഘടന അറിയിച്ചു. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അമ്മ വിലയിരുത്തി.
സിനിമാ പ്രവര്‍ത്തകരെ മദ്യപാനി, പെണ്ണുപിടിയന്‍ എന്നെല്ലാം വിശേഷിപ്പിച്ചത് ഒരിക്കലും അംഗീകരിക്കില്ലെന്നും ഇക്കാര്യങ്ങള്‍ ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിണ്ടുണ്ടെന്നും സംഘടന അറിയിച്ചു. വാഹനം തല്ലി പൊളിച്ചത് ആ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്‌കാരം ആണെന്ന് എക്സിക്യൂട്ടീവ് മെമ്പര്‍ ബാബുരാജും അഭിപ്രായപ്പെട്ടു.
ജോജു ജോര്‍ജിനെ തെരുവ് ഗുണ്ട എന്ന് വിളിച്ച കെ.പി.സി.സി പ്രസിഡന്റിനെതിരെ ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണനും ഇന്നലെ രംഗത്തെത്തിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടങ്ങിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെ.പി.സി.സി പ്രസിഡന്റ് വിശേഷിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പോലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഒരു സമരവുമായി മുമ്പോട്ട് പോകുമ്പോള്‍ നടന്‍ ജോജു ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് തന്റെ വാഹനത്തിനരികെ കിടക്കുന്ന ഒരു രോഗിയുടെ അവസ്ഥയാണ്. ഇത്തരം ഒരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അതിനൊരു വൈകാരികതയുടെ തലമുണ്ട്. അയാളൊരു കലാകാരനാണ്. അതിന്റെ എല്ലാ തലങ്ങളും ഉള്‍ക്കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടക്കിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെ.പി.സി.സി പ്രസിഡന്റ് വിശേഷിപ്പിച്ചതിലും അദ്ദേഹത്തിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിലും ശക്തമായ പ്രതിഷേധമുണ്ട്. അത് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവ് ജോജുവിനോട് നേരിട്ട് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.
ഇന്ധനവില വര്‍ധന വര്‍ധനവിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനെതിരെയായിരുന്നു പരസ്യപ്രതിഷേധവുമായി ജോജു രംഗത്തെത്തിയത്.
ഇന്ധന വിലവര്‍ധനവിനെതിരെ ഇന്നലെ രാവിലെ 11 മണി മുതലാണ് കോണ്‍ഗ്രസ് ഇടപ്പള്ളി-വൈറ്റില ദേശീയപാത ഉപരോധിച്ചുകൊണ്ട് സമരം തുടങ്ങിയത്. സമരം തുടങ്ങിയതിന് പിന്നാലെ നൂറ് കണക്കിന് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. തന്റെ കാറിന് പിന്നാലെയായി കീമോയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ഒരു കുഞ്ഞുണ്ടായിരുന്നെന്നും ഇത്തരത്തിലുള്ള നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു പറഞ്ഞിരുന്നു. ഇത്തരമൊരു സമരരീതിയല്ല നടത്തേണ്ടതെന്ന് പറഞ്ഞായിരുന്നു ജോജു വാഹനത്തില്‍ നിന്ന് ഇറങ്ങി പ്രതിഷേധിച്ചത്.