'ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണ്'; അന്ധനായ സ്‌കൂബിയെ കുറിച്ച് വികാരാധീനനായി ചെന്നിത്തല
Kerala News
'ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണ്'; അന്ധനായ സ്‌കൂബിയെ കുറിച്ച് വികാരാധീനനായി ചെന്നിത്തല
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th December 2020, 10:08 am

തിരുവനന്തപുരം: പറവൂരില്‍ നായയെ കാറിന് പിറകില്‍ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളര്‍ത്തുനായ സ്‌കൂബിയെ കുറിച്ചു പറഞ്ഞുകൊണ്ടാണ് സംഭവത്തിനെതിരെ ചെന്നിത്തല രംഗത്തുവന്നത്.

സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്‌നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറുക. സ്‌നേഹിച്ചാല്‍ ഇരട്ടിയായി സ്‌നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വളര്‍ത്തുനായ സ്‌കൂബി വീട്ടിലെത്തിയതു മുതലുള്ള ഓര്‍മ്മകളും ചെന്നിത്തല കുറിപ്പില്‍ പറയുന്നുണ്ട്. ‘ഇളയമകന്‍ രമിത്ത് രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി.

കുറച്ചു നാളുകള്‍ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാല്‍ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലില്‍ ഇടിച്ചാണ് നില്‍ക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്. കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതല്‍ ഇഷ്ടത്തോടെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു തുടങ്ങി.’ ചെന്നിത്തല പറയുന്നു.

നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് നായയെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന സംഭവം നടന്നത്.  ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്. കെ.എല്‍. 42 ജെ 6379 എന്ന കാറിലാണ് നായയെ കെട്ടിവലിച്ചത്.

വെയിലത്ത് ടാറിട്ട റോഡിലൂടെ കാറില്‍ കെട്ടിയിട്ട് നായയെ ഓടിക്കുന്നതാണ് ദൃശ്യങ്ങള്‍. നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതും കാണാം. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്.

കാസര്‍ഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോള്‍, ഞങ്ങളുടെ വളര്‍ത്തുനായ സ്‌കൂബി ഓടിയെത്തി സ്‌നേഹപ്രകടനം തുടങ്ങി. ഇളയമകന്‍ രമിത്ത് രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി.

കുറച്ചു നാളുകള്‍ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാല്‍ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലില്‍ ഇടിച്ചാണ് നില്‍ക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്.

കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതല്‍ ഇഷ്ടത്തോടെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു തുടങ്ങി. ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതല്‍ നല്‍കും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തില്‍ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ചെത്തികൂര്‍പ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു.

സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്‌നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറുക. സ്‌നേഹിച്ചാല്‍ ഇരട്ടിയായി സ്‌നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala FB post about pet dog Scooby in response to dog dragged on road in Pravur incident