വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത് ലോകം ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു.
ട്രംപിന് കൊവിഡ് പോസിറ്റീവായത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേയും ആഗോളവിപയിയേയും എങ്ങനെയെല്ലാം ബാധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.
അതേസമയം ട്രംപിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൃത്യമായ യാതൊരു വിവരവും ഇതുവരെയും പുറത്തുവന്നിട്ടില്ല.
ചെറിയ രോഗലക്ഷണങ്ങളേ ഉള്ളൂവെന്നും ആന്റിബോഡികള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് നടത്തുന്നതെന്നും മാത്രമാണ് വെള്ളിയാഴ്ച പുറത്തുവന്ന വിവരം. കൊവിഡ് 19നെക്കുറിച്ചുള്ള ട്രംപിന്റെ മുന്‍പ്രസ്താവനകളുടെ അടിസ്ഥാനത്തിലായിരിക്കാം രോഗവിവരങ്ങള്‍ മറച്ചുവെക്കുന്നതെന്നാണ് ഇതേക്കുറിച്ച് ആദ്യം ഉയര്‍ന്ന വിലയിരുത്തലുകളെങ്കിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ചിലരും സമാനമായ രീതിയില്‍ രോഗവിവരങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചത്.
വൂഡ്രോ വില്‍സണ്‍, ഫ്രാങ്ക്‌ലിന്‍ ഡി റൂസ് വെല്‍ട്ട്, ജോണ്‍ എഫ് കെന്നഡി, റൊണാള്‍ഡ് റീഗന്‍ എന്നിവരാണ് ഇക്കൂട്ടത്തില്‍ പ്രമുഖര്‍.
വൂഡ്രോ വില്‍സണ്‍
1919 ഏപ്രിലില്‍ വൂഡ്രോ വില്‍സണ് ഫ്‌ളു ബാധിച്ചിരുന്നു. പാരിസ് സമാധാന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു വൂഡ്രോ വില്‍സണ് ഫ്‌ളു ബാധിച്ചത്. പക്ഷെ പാരിസിലെ മഴയെ തുടര്‍ന്ന് ചെറിയ ജലദോഷം ബാധിച്ചിരിക്കുകയാണെന്ന് മാത്രമാണ് മാധ്യമങ്ങളെ അറിയിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജീവചരിത്രകാരന്മാരാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.
1919ല്‍ തന്നെ വില്‍സണ് ഗുരുതര സ്‌ട്രോക്ക് വന്നിരുന്നെങ്കിലും 1921 വരെ അദ്ദേഹം പ്രസിഡന്റായി തുടരുകയായിരുന്നു.
ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെല്‍ട്ട്
അമേരിക്കയുടെ 32ാം പ്രസിഡന്റായ ഫ്രാങ്ക്‌ലിന്‍ ഡി റൂസ് വെല്‍ട്ടിന് പോളിയോ ഉണ്ടായിരുന്നെന്നും തന്റെ വീല്‍ചെയറും ക്രച്ചസുകളു മറച്ചുവെക്കാന്‍ വലിയ ശ്രമം തന്നെ നടത്തിയിരുന്നു എന്നതും നിരവധി പേര്‍ക്ക് അറിയാവുന്ന സംഭവമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഹൃദ്രോഗാവസ്ഥ ഗുരുതമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത ഒരു തവണ കൂടി പ്രസിഡന്റായി തുടരാനാകില്ലെന്നും 1944ല്‍ ഡോക്ടര്‍ അറിയിച്ചിരുന്നു.
1944ലെ ഡോക്ടറുടെ ഈ മുന്നറിയപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് 2011ലാണ്. 1945ല്‍ തുടര്‍ച്ചയായ നാലാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം മരണപ്പെട്ടത്. സെറിബ്രല്‍ ഹെമിറേജ് ആയിരുന്നു മരണകാരണം.
ജോണ്‍ എഫ് കെന്നഡി
അമേരിക്കയുടെ ഏറ്റവും പ്രശസ്തനായ പ്രസിഡന്റുമാരില്‍ ഒരാളായ 1963ല്‍ കൊല്ലപ്പെട്ട ജോണ്‍ എഫ് കെന്നഡിയെ ചെറുപ്പം മുതല്‍ നിരവധി രോഗങ്ങള്‍ ബാധിച്ചിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചുവെക്കേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം കരുതിയിരുന്നതെന്നാണ് ജീവചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
അള്‍സറിനെയും ആഡിസണ്‍സ് ഡിസീസിനെയും തുടര്‍ന്ന് സ്റ്റിറോയ്ഡ് ചികിത്സയിലായിരുന്നു കെന്നഡി. എന്നാല്‍ ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് തനിക്ക് അങ്ങനെ ഒരു രോഗവുമില്ലെന്നും നല്ല ആരോഗ്യസ്ഥിതിയിലാണെന്നുമായിരുന്നു കെന്നഡിയുടെ മറുപടി.
കെന്നഡിയുടെ മരണത്തിന് കാരണം ഈ രോഗങ്ങളല്ലായിരുന്നെങ്കിലും ഒരുപക്ഷെ ഈ രോഗാവസ്ഥകള്‍ മരണം വേഗത്തിലാക്കുന്നതിന് കാരണാമായിരുന്നിരിക്കാമെന്നാണ് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നത്.
റൊണാള്‍ഡ് റീഗന്‍
1981ലെ മാര്‍ച്ച് 30ന് റൊണാള്‍ഡ് റീഗന് നേരെ നടന്ന വധശ്രമം അമേരിക്കന്‍ ചരിത്രത്തില്‍ ഇന്നും ചര്‍ച്ചയാകുന്ന സംഭവമാണ്. വധശ്രമത്തിന് ശേഷം അദ്ദേഹം സ്വയം ആശുപത്രിയിലെത്തുകയായിരുന്നു എന്നും തൃപ്തികരമായ ആരോഗ്യസ്ഥിതിയിലായിരുന്നു എന്നുമാണ് പുറത്തുവന്ന വാര്‍ത്തകളെല്ലാം തന്നെ.
എന്നാല്‍ ആശുപത്രിയിലെത്തിയതും റീഗന്‍ തളര്‍ന്നുവീണുവെന്നും അദ്ദേഹം മരിച്ചുപോകുമെന്ന ഭയത്തിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരെന്നുമാണ് ചരിത്രകാരന്മാര്‍ വെളിപ്പെടുത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: American Presidents hiding health condition is a long list